ലിഗയുടെ മരണം രാഷ്ട്രീയവല്ക്കരിക്കരുതെന്ന് സഹോദരി

liga death

തിരുവനന്തപുരം: കോവളം ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശി ലിഗയുടെ മരണം രാഷ്ട്രീയവല്കരിക്കരുതെന്ന് ലിഗയുടെ സഹോദരി ഇല്‍സി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇല്‍സി. തന്നെ കാണാന്‍ വരുന്ന രാഷ്ട്രീയക്കാരെല്ലാം എന്തൊക്കെയോ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കു വേണ്ടിയാണ് വരുതെന്നാണ് അവരുടെ സംസാരത്തില്‍ നിന്നും മനസിലാകുന്നതെന്നും അത്തരത്തില്‍ ഒരു രാഷ്ട്രീയ ആയുധമായി തന്റെ സഹോദരിയുടെ മരണത്തെ ഉപയോഗിക്കരുതെന്നും ഇല്‍സി ആവര്‍ത്തിച്ചു.
പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ സംതൃപ്തയാണെന്നും അവരെ സ്വതന്ത്രമായി കേസി അന്വേഷിക്കാന്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. കേസ് സംബന്ധിച്ച് തനിക്കുള്ള സംശയങ്ങള്‍ രേഖാമൂലം എഴുതി ഇന്നു രാവിലെ ഐ.ജി. മനോജ് എബ്രഹാമിന് നല്കിയതായും ഇല്‍സി ആരോപിച്ചു.അന്വേഷണത്തെക്കുറിച്ചും സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നുണ്ടെന്നും എല്ലാവരും വലിയ പിന്തുണയാണ് നല്കുന്നതെന്നും അവര്‍ പറഞ്ഞു. പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. മരിച്ചത് എന്റെ സഹോദരിയാണ് അവരെ വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് കാണുമ്പോള്‍ വിഷമമുണ്ട് ഇല്‍സി കൂട്ടിച്ചേര്‍ത്തു.
എന്നെ കാണാനെത്തുന്ന എല്ലാ രാഷ്ട്രീയക്കാരും കുറ്റം എതിര്‍ പാര്‍ട്ടിക്കാരുടെ തലയില്‍ കെട്ടി വയ്ക്കാനാണ് നോക്കുന്നത്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തുകയാണ് അല്ലാതെ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല. കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്നു തന്നെയാണ് വിശ്വാസമെന്നും ഇല്‍സി പറഞ്ഞു.
ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ഇപ്പോഴും കോവളം ബീച്ചിലും പരിസരങ്ങളിലുമായി എന്തൊക്കെയോ തിരഞ്ഞും അന്വേഷിച്ചും നടക്കുകയാണ്. അയാള്‍ മാനസികമായി തകര്‍ന്നു പോയിരിക്കുന്നു. കേസില്‍ എന്തെങ്കിലും തുമ്പ് കിട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും വഷളാവുകയേ ഉള്ളൂ. എന്തായാലും ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ നാട്ടിലേക്ക് തിരിച്ചു പോകുന്നതടക്കം മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂവെന്നും ഇല്‍സി പറഞ്ഞു.

Top