കൊലപാതകത്തിന് നേതൃത്വം നല്‍കിയത് ലിഗയെ ബോട്ടില്‍ കൊണ്ടുപോയയാള്‍

liga-new

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് അവരെ ബോട്ടില്‍ കൊണ്ടു വന്നയാളാണെന്ന് പൊലീസ് നിഗമനം. മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാടിന് തൊട്ടടുത്ത് താമസിക്കുന്ന ഇയാളുടെ അടുത്ത ബന്ധുവിന്റേതാണ് ബോട്ട്. സമീപവാസികളായ രണ്ട് കുടുംബങ്ങളുടെ ബോട്ടുകളാണ് കണ്ടല്‍ക്കാടിന് സമീപം സൂക്ഷിക്കുന്നത്.

ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് എത്തിച്ചതെന്ന് സംശയിക്കുന്ന രണ്ട് ബോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ മൃതദേഹം കണ്ടതിന് തൊട്ടടുത്താണ് സൂക്ഷിച്ചിരുന്നത്. ഇതിനു ശേഷമുള്ള ദിവസങ്ങളിലും ഇയാള്‍ കണ്ടല്‍ക്കാട്ടിലേക്ക് പോയത് കണ്ടവരുണ്ട്.

ഒരു മാസം മുമ്പ് ഇയാള്‍ തനിക്കൊരു അതിഥിയുണ്ടെന്നും കണ്ടല്‍ക്കാടിന് സമീപം ഇരിക്കുകയാണെന്നും സമീപവാസികളോട് പറഞ്ഞിരുന്നു. ലിഗയെ ഇവിടെ എത്തിക്കാന്‍ വഴിയൊരുക്കിയത് വാഴമുട്ടം സ്വദേശി തന്നെയായ യോഗാധ്യാപകനാണെന്നാണ് പൊലീസ് കരുതുന്നത്. ഈ രണ്ട് പേരടക്കം വാഴമുട്ടം സ്വദേശികളായ യുവാക്കളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കോവളത്തെ ടൂറിസ്റ്റ് ഗൈഡായ യോഗാധ്യാപകനെ വര്‍ക്കലയിലും കോവളത്തും വച്ച് ലിഗയോടൊപ്പം കണ്ടിരുന്നതായി ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയുന്ന ഇയാള്‍ വിദേശികളുമായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നത് പതിവാണ്. കഴിഞ്ഞ ദിവസം മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ വള്ളികള്‍ കൊണ്ടുള്ള കുരുക്കിലെ മുടിയിഴകള്‍ ഇയാളുടേതാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇയാള്‍ നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ളവരെ വിശദമായി വീണ്ടും അന്വേഷണസംഘം ചോദ്യംചെയ്യുകയാണ്. സംഭവവുമായി ബന്ധമുള്ള മിക്കവാറും എല്ലാ പ്രതികളും പൊലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന.

ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച കണ്ടല്‍ക്കാട്ടിനുള്ളില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്താന്‍ വൈകിയതിനാല്‍ സാഹചര്യത്തെളിവുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതിനുവേണ്ടിയാണ് കണ്ടല്‍ക്കാടിന്റെ മുഴുവന്‍ ഭാഗങ്ങളിലും തിരച്ചില്‍ നടത്തുന്നത്.

ലിഗ ഒരിക്കലും ഒറ്റയ്ക്ക് ഇത്തരം സ്ഥലത്ത് പോകാന്‍ സാധ്യതയില്ലെന്ന് സഹോദരി ഇല്‍സി പറഞ്ഞു. ലിഗ ലഹരി മരുന്നു ഉപയോഗിക്കുന്ന ആളല്ലെന്നും എന്നാല്‍ സൗഹൃദത്തോടെ സമീപിക്കുന്നവരെ വേഗം വിശ്വസിക്കുന്ന സ്വഭാവമായിരുന്നെന്നും ഇല്‍സി പറഞ്ഞു. സഹോദരിയുടെ വെളപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മനഃശാസ്ത്രവിദഗ്ദ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

ലിഗയുടെ ചെരുപ്പുകളടക്കമുള്ള ചില സാധനങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്താനാണ് കണ്ടല്‍ക്കാട് മുഴുവന്‍ അരിച്ചു പെറുക്കി പരിശോധിക്കുന്നത്. ബല പ്രയോഗം നടന്നിട്ടുണ്ടെന്നും പരിക്കേറ്റിട്ടുണ്ടെന്നുമുള്ള പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടല്‍ക്കാടിനിടയില്‍ എവിടെയെങ്കിലും ഉണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. അതുപോലെ ലിഗയെ പനത്തുറയില്‍ എത്തിച്ചവരുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും ശേഖരിക്കുന്നുണ്ട്.

Top