ലിഗയുടെ മരണം;ചോദ്യം ചെയ്തത് 170 പേരെ, പ്രതികളുടെ അറസ്റ്റ് ഉടനെന്ന് സൂചന

liga_01

തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന്. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.പ്രതികളില്‍ ഒരാള്‍ പുരുഷ ലൈംഗിക തൊഴിലാളിയും മറ്റുള്ളവര്‍ മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗങ്ങളുമാണ്. പുരുഷ ലൈംഗിക തൊഴിലാളിയായ യുവാവാണ് ലിഗയെ പനത്തുറയിലെ ചെന്തിലക്കരയില്‍ എത്തിച്ചതെന്നാണ് വിവരം.

മാനഭംഗം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്ന ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്ന് ലഭിക്കുന്നതോടെ പ്രതികളുടെ അറസ്റ്റ് നടന്നേക്കുമെന്നാണ് പൊലീസ് അറിയിച്ചത്. കൂടുതല്‍ തെളിവുകള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

നിലവില്‍ ലിഗയുടെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം 170 ഓളം പേരെ ചോദ്യം ചെയ്തതായാണ് വിവരം. കോവളം സമുദ്രബീച്ചിനു സമീപത്തെ ക്യാമ്പില്‍ എത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അതേസമയം കസ്റ്റഡിയിലെടുത്ത ചിലര്‍ നല്‍കിയ മൊഴി കള്ളമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു

ലിഗ കൊല്ലപ്പെട്ടതു സംഘം ചേര്‍ന്നുള്ള ആക്രമത്തിലാണെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. കഴുത്തിനേറ്റ കനത്ത ക്ഷതമാണു മരണകാരണമെന്നും ശരീരത്തില്‍ പത്തിലേറെ മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴുത്തിലേറ്റ ക്ഷതം മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ളതല്ല. ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാം. ഇതു പരിശോധിച്ചപ്പോഴാണ് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന നിഗമനത്തില്‍ ഫോറന്‍സിക് സര്‍ജന്‍മാര്‍ എത്തിയത്.

കൊലപാതകം നടന്നുവെന്ന് കരുതുന്ന 14ന് കോവളത്ത് പ്രതികളെന്നു സംശയിക്കുന്ന നാലു പേരെ കണ്ടവരുണ്ട്. പോത്തന്‍കോട് നിന്ന് കോവളത്ത് എത്തിയ ലിഗയെ തന്ത്രപരമായി പനത്തുറയില്‍ എത്തിച്ച് പീഡിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന അനുമാനത്തിലാണ് പൊലീസ്.

ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ലിഗ ഇവരോടൊപ്പം കൊലപാതകം നടന്ന സ്ഥലത്തെത്തിയെങ്കിലും പീഡനശ്രമം ചെറുത്തു. ഇതോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കിട്ടാന്‍ ഇന്നലെ വീണ്ടും ആറ്റിലും കരയിലും തിരച്ചില്‍ നടത്തിയിരുന്നു. നേരത്തെ ഇവിടെ നിന്നും കിട്ടിയ മുടിനാരിന്റെയും ലിഗയുടെ ആന്തരികാവയവങ്ങളുടെയും ശാസ്ത്രീയ പരിശോധനാ ഫലം കിട്ടിയ ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Top