ആദിവാസിമേഖലകളിലെ മരണങ്ങൾക്ക് പ്രധാനകാരണം ജീവിതശൈലീ രോഗങ്ങൾ

ആദിവാസിമേഖലകളിലെ മരണങ്ങൾക്ക് പ്രധാനകാരണം ജീവിതശൈലീരോഗങ്ങളെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. ഹൃദയസംബന്ധ അസുഖങ്ങൾ, അർബുദങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, പ്രമേഹം തുടങ്ങിയവയാണ് മുഖ്യകാരണം. രാജ്യത്തെ 12 ആദിവാസിജില്ലകളിലായി 2015-നും 2018-നും ഇടയിൽ മരിച്ച 5292 ആദിവാസികളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 66 ശതമാനം പേരും ഇത്തരം അസുഖങ്ങൾ ബാധിച്ചാണ് മരിച്ചത്. വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 15 ശതമാനംപേരും മാരകപരിക്കുകൾ പറ്റി 11 ശതമാനം പേരും മരിച്ചു. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐ.ജെ.എം.ആർ.) പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രിച്ചവരിൽ 29 ശതമാനംപേർ രക്തസമ്മർദരോഗികളായിരുന്നു. പതിനേഴുശതമാനം പേർക്ക് ആസ്ത്‌മയും മറ്റു ശ്വാസകോശ അസുഖങ്ങളുമുണ്ടായിരുന്നു. ബാക്കിയുള്ളവർ പക്ഷാഘാതം (12 ശതമാനം), ഹൃദ്രോഗം (11 ശതമാനം), കാൻസർ (10 ശതമാനം), പ്രമേഹം (ഒമ്പതുശതമാനം) എന്നിവയ്ക്ക് ചികിത്സയിലായിരുന്നു. ഇവരിൽ 25 ശതമാനംപേർ ജില്ലാ ആശുപത്രികളിലും 20 ശതമാനം പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 19 ശതമാനം പേരും മെഡിക്കൽ കോളേജുകളിലും അർബുദ ആശുപത്രികളിലുമായി ഒമ്പതുശതമാനം പേരും ചികിത്സ തേടി. പതിമ്മൂന്നുശതമാനം ആളുകൾ പ്രാദേശിക ആദിവാസിവൈദ്യരുടെ ചികിത്സയിലായിരുന്നു. മരിച്ചവരിൽ നാലിലൊന്നുപേർക്ക് മുൻകാല അസുഖ ചരിത്രമില്ല.

Top