പി.ജയരാജനു നേരെ ബി.ജെ.പി ക്വട്ടേഷന്‍ ? വിവരങ്ങള്‍ പുറത്ത് വിട്ട് ജാഗ്രതാ നിര്‍ദ്ദേശം

jayarajan

തലശ്ശേരി: പി ജയരാജന് വധ ഭീഷണിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. ക്വട്ടേഷന് പിന്നില്‍ ബിജെപി-ആര്‍എസ് നേതൃത്വമാണെന്നാണ് സൂചന. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചു.

ജയരാജന്റെ സുരക്ഷ വര്‍ധിപ്പിക്കാനും പൊലീസ് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.നിലവില്‍ രണ്ട് ഗണ്‍മാന്മാരെയാണു ജയരാജന്റെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ജില്ലയില്‍ ജയരാജന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ശക്തമായ സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്താണു ജയരാജന്‍. ജില്ലയില്‍ മടങ്ങിയെത്തിയാലുടന്‍ സുരക്ഷ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രനൂപാണ് ജയരാജനെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിവരം. കതിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് വധക്കേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രനൂബ് ബാബുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ക്വട്ടേഷന്‍ സംഘം പി ജയരാജനെ വധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. കടമ്പൂര്‍, പൂങ്കാവ്, പാലയാട്, കുന്നുമ്പ്രം, ചക്കരക്കല്‍, മേലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്വട്ടേഷന്‍ സംഘം മാറി മാറി ക്യാമ്പ് ചെയ്യുന്നതെന്നും അക്രമി സംഘത്തിന് സഞ്ചരിക്കാന്‍ മുന്തിയ വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം

ഏതെങ്കിലും പാര്‍ട്ടി ഓഫിസ് ആക്രമിക്കുകയും പി ജയരാജന്‍ അവിടെ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ വകവരുത്തുകയും ചെയ്യുക എന്നതാണ് ഇവര്‍ തയ്യാറാക്കിയ പദ്ധതി. പിടിക്കപ്പെട്ടാല്‍ കതിരൂര്‍ മനോജ് വധത്തിന് പ്രതികാരം ചെയ്തതാണെന്ന് മൊഴി നല്‍കണമെന്നാണ് ഇവര്‍ക്ക് ആര്‍എസ്എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമത്രെ.

സാധാരണ ഭീഷണി പോലെയല്ല, കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമായതിനാല്‍ സി.പി.എം നേതൃത്വവും സര്‍ക്കാരും ഗൗരവമായാണ് ഈ വധഭീഷണിയെ കാണുന്നത്.

മുന്‍പ് തിരുവോളനാളില്‍ വെട്ടിനുറുക്കപ്പെട്ട ജയരാജന്‍ മരണത്തിന്റെ മുഖത്ത് ‘ചവിട്ടി’യാണ് ജീവിതത്തിലേക്ക് ഏവരെയും അത്ഭുതപ്പെടുത്തി തിരിച്ചു വന്നത്. ജയരാജനെതിരായ ഏത് ആക്രമണവും ചെറുത്ത് തോല്‍പ്പിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.

Top