മാറാട് കൂട്ടക്കൊല: ഒളിവിൽ പോയിരുന്ന 2 പ്രതികൾക്ക് കോടതി ജീവപര്യന്തം വിധിച്ചു

കോഴിക്കോട് ∙ മാറാട് കൂട്ടക്കൊലക്കേസിൽ ഒളിവിൽ പോയിരുന്ന 2 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മാറാട് പ്രത്യേക അഡീഷനൽ കോടതി. കേസിലെ 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്റെ പുരയിൽ കോയമോൻ എന്ന ഹൈദ്രോസ്കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ (41) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

സ്പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്ഫോടകവസ്തു നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കോയമോനും കൊലപാതകം, അന്യായമായി സംഘം ചേരൽ, മാരകായുധവുമായി കലാപം, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. 2003 മേയ് 2നാണ് കേസിനാസ്പദമായ മാറാട് കൂട്ടക്കൊല നടന്നത്. അരയസമാജത്തിലെ 8 പേരും അക്രമി സംഘത്തിലെ ഒരാളുമാണ് മരിച്ചത്. വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. കോയ മോനും നിസാമുദ്ദീനും 2010, 2011 വർഷങ്ങളിലാണ് പിടിയിലായത്. സ്പെഷൽ അഡീഷനൽ സെഷൻസ് ജഡ്ജി കെ.എസ്.അംബികയാണ് ശിക്ഷ വിധിച്ചത്.

Top