വീണ്ടും ചരിത്രം കുറിച്ച് ‘ലൈഫ്’ പദ്ധതി; ഭവന രഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 10,000 വീടുകള്‍ കൂടി ഗൃഹ പ്രവേശനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഭവന രഹിതരില്ലാത്ത കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലെയ്ക്ക് അടിയുറച്ച കാല്‍വയ്പുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിര്‍മ്മാണമാണ് ഈ കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ 10,058 വീടുകള്‍ ലൈഫ് മിഷന്‍ മുഖേനയും 2,009 വീടുകള്‍ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിര്‍മ്മിച്ചത്. ഇവയില്‍ 7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്.

ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിനു പുറമെ 17 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി കൂടി സ്വീകരിച്ചിട്ടുണ്ട്. വരുന്ന അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആ ലക്ഷ്യം നിറവേറ്റാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം.

Top