ലൈഫ്‌ കരട്‌ പട്ടിക: ഇതുവരെ കിട്ടിയത് 11,196 ‌ അപ്പീലുകൾ

തിരുവനന്തപുരം: ലൈഫ്‌ കരട്‌ ഗുണഭോക്തൃ പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ള വ്യക്തികൾ ജൂൺ 17നുള്ളിൽ ഓൺലൈനായി വിവരം അറിയിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ജൂൺ 10ന്‌ പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂൺ 14 ന്‌ ഉച്ചയ്ക്ക്‌ 2 മണി വരെ 11,196 അപ്പീലുകളാണ്‌‌ ലഭിച്ചത്‌. ഭൂമിയുള്ള ഭവനരഹിതരുടെ 9533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ്‌ ലഭിച്ചത്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താണ്‌ അപ്പീൽ നൽകേണ്ടത്‌‌.

അർഹരായ വ്യക്തികൾ ഉൾപ്പെട്ടില്ലെങ്കിലോ, ശരിയായ രീതിയിൽ മുൻഗണന ലഭിച്ചില്ലെങ്കിലോ അപ്പീൽ നൽകാം. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കാൻ ആക്ഷേപം അറിയിക്കാനും അവസരമുണ്ട്‌. അവരവരുടെ ലോഗിൻ വഴിയോ അപ്പീൽ കേന്ദ്രങ്ങളിലെ ഹെൽപ്പ് ഡസ്ക് വഴിയോ അപ്പീൽ/ ആക്ഷേപം നൽകാം. പഞ്ചായത്തുകളിലെ അപേക്ഷകർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കും, നഗരസഭകളിലേത്‌ നഗരസഭാ സെക്രട്ടറിക്കുമാണ്‌ ഓൺലൈനിൽ അപ്പീൽ നൽകേണ്ടത്‌. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക്‌ അപ്പീലുകൾ മാറിവന്നിട്ടുണ്ടെങ്കിൽ, അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ കൃത്യമായി കൈമാറണമെന്നും മന്ത്രി നിർദേശിച്ചു.

Top