ലൈഫ് മിഷന്‍; ഫ്‌ളാറ്റിന്റെ ബലപരിശോധന നടത്താന്‍ വിജിലന്‍സ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്‌ളാറ്റിന്റെ ബലപരിശോധനയ്ക്കായി വിജിലന്‍സ് ശ്രമം. ഇതിനായി പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാനും ആലോചനയുണ്ട്. തിങ്കളാഴ്ച വടക്കാഞ്ചേരിയില്‍ എത്തുന്ന വിജിലന്‍സ് സംഘം ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കും.

കെട്ടിടത്തിന് മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കും. മൊത്തം തുകയില്‍ നിന്ന് കമ്മിഷനും ജി.എസ്.ടി. കുറച്ചുള്ള തുകയും മാത്രമേ നിര്‍മാണാവശ്യത്തിന് ഉപയോഗിക്കുന്നുള്ളൂ. യു.എ.ഇ. കോണ്‍സുലേറ്റ് ആദ്യഘട്ടത്തില്‍ നല്‍കിയ 7.5 കോടി രൂപയില്‍ നിന്നു തന്നെ 4.20 കോടി രൂപ കമ്മിഷനായി സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് നല്‍കിയതായി വിജിലന്‍സ് സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയിട്ടുണ്ടോയെന്ന പരിശോധനയും വിജിലന്‍സ് നടത്തുന്നുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടം മുതല്‍ തന്നെ കമ്മിഷന്‍ ലഭിക്കുന്നതിനുള്ള ആസൂത്രിത ഇടപാടുകള്‍ സ്വപ്നയും സംഘവും നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. കരാര്‍ ഏറ്റെടുക്കാനായി സന്ദീപ് നായര്‍ സുഹൃത്തും യൂണിടാക് മുന്‍ ജീവനക്കാരനുമായ യദു സുരേന്ദ്രനെയാണ് ആദ്യം ബന്ധപ്പെട്ടത്. യദുവാണ് യൂണിടാക് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ സന്ദീപ് നായര്‍ക്ക് പരിചയപ്പെടുത്തിയത്.

സന്തോഷ് ഈപ്പന്‍ സ്വപ്ന വഴി ശിവശങ്കറിലേക്ക് എത്തി. ഇതിനിടെയാണ് സെയിന്‍ വെഞ്ചേഴ്സും രംഗത്തെത്തിയത്. യൂണിടാക്കും സെയിന്‍ വെഞ്ച്വേഴ്സും യു.എ.ഇ. കോണ്‍സുലേറ്റുമായി കരാറുണ്ടാക്കിയത് ലൈഫ് മിഷന്‍ അറിഞ്ഞിരുന്നില്ല. ഹാബിറ്റാറ്റ് നാലാമത് നല്‍കിയ രൂപരേഖയില്‍ മാറ്റംവരുത്തിയാണ് നിര്‍മാണാനുമതി ലഭ്യമാക്കിയത്.

Top