ലൈഫ് മിഷന്‍; കരാറില്‍ റെഡ് ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലെന്ന്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ് ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ്ങള്‍ പുറത്തുവന്നു.

2019 ജൂലൈയിലാണ് വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മാണത്തിന് സഹായം നല്‍കുന്നതിനായി സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒയും റെഡ്ക്രസന്റും തമ്മില്‍ ധാരണാ പത്രം ഒപ്പിടുന്നത്‌. എന്നാല്‍ ഇതിന് പുറമെ ഒരു ഉപകരാര്‍ കൂടിയുണ്ടായിരുന്നു. ഈ ഉപകരാറിലാണ് റെഡ്ക്രസന്റിന് പകരം യുഎഇ കോണ്‍സല്‍ ജനറല്‍ ഒപ്പിട്ടത്.

2019 ജൂലൈ 31 നാണ് ഈ കരാര്‍ ഒപ്പിട്ടത്. ടെന്‍ഡര്‍ മുഖേനെയാണ് ഇതിലേക്ക് യുണിടാക്കിനെ തിരഞ്ഞെടുത്തതെന്ന് കരാറില്‍ പറയുന്നു. 70 ലക്ഷം യുഎഇ ദിര്‍ഹത്തിന്റെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

ഇതോടൊപ്പം ഫ്ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആശുപത്രി പണിയുന്നതിനായുള്ള കരാറുമുണ്ട്. എറണാകുളത്തെ സെയ്ന്റ് വെഞ്ചേഴ്സ് എന്ന സ്ഥാപനവുമായാണ് ആശുപത്രി നിര്‍മാണത്തിനുള്ള കരാര്‍.
ഈ കരാറിലും ഒപ്പിട്ടിരിക്കുന്നത് യുഎഇ കോണ്‍സല്‍ ജനറലാണ്. 30 ലക്ഷം ദിര്‍ഹത്തിന്റെതാണ് കരാര്‍.

Top