ലൈഫ് മിഷന്‍; കമ്മീഷന്‍ തുക കൈപറ്റിയത് ആരെല്ലാമെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി നിന്നവര്‍ ആരൊക്കെയാണെന്നും കമ്മീഷന്‍ തുക ആരെല്ലാമാണ് കൈപറ്റിയതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നാലരക്കോടിയോളം രൂപ കമ്മീഷന്‍ ഇനത്തില്‍ പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 കോടി രൂപയുടെ പദ്ധതിക്ക് പതിനഞ്ചര കോടി രൂപയെ ഉള്ളൂവെന്നാണോ. സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇത്രയും ഭീമമായ തുക കമ്മീഷന്‍ ഇനത്തില്‍ പോയി എന്ന് പറയുന്നത് അന്വേഷണം നടത്തേണ്ട വസ്തുതയാണ്.

ഒരു കോടി രൂപയാണ് തനിക്ക് കമ്മീഷനായി ലഭിച്ചതെന്നാണ് സ്വപ്ന പറയുന്നത്. ബാക്കി മൂന്ന് കോടി കമ്മീഷന്‍ ആര്‍ക്കാണ് പോയതെന്നും അന്വേഷിക്കേണ്ട വസ്തുതയാണ്. ബാക്കി വരുന്ന കൈക്കൂലി പോയിരിക്കുന്നത് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടയാളുകള്‍ക്കാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top