ലൈഫ് മിഷന്‍ ക്രമക്കേട്; കേന്ദ്രത്തിനും സിബിഐക്കും സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയക്കും. സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിക്കുന്നു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു.

നാലാഴ്ചത്തെ സമയമാണ് നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി സിബിഐയ്ക്കും കേന്ദ്രത്തിനും അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.

 

Top