ലൈഫ് മിഷന്‍; വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ കുറ്റസമ്മതമെന്ന് കുമ്മനം

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ഒരു മറ മാത്രമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേന്ദ്ര ഏജന്‍സികള്‍ ഈ കേസ് അന്വേഷിക്കുന്നത് തടയാന്‍ വേണ്ടിയല്ലേ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് എന്നും കുമ്മനം ചോദിച്ചു.

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് ഇതില്‍ എന്തോ തെറ്റുണ്ട് എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്.
സ്വര്‍ണ്ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സിപിഐക്ക് വിശ്വാസം ഇല്ല. പക്ഷേ, മുഖ്യമന്ത്രിക്കും സിപിഎമ്മിനും വിശ്വാസമാണ്.

എല്ലാ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി ഖുര്‍ആനെ പിടിച്ചു കൊണ്ടാണ് വാദിക്കുന്നത്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടാകാം എന്നാണ് ജലീല്‍ ആദ്യം പറഞ്ഞത്. ഇന്ന് അത് തിരുത്തി. മുഖ്യമന്ത്രിയ്ക്ക് ആവശ്യം വര്‍ഗീയ മുതലെടുപ്പ് ആണെന്നും മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

Top