ലൈഫ് മിഷന്‍; മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ചത് തട്ടിപ്പാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന കോഴയിടപാടാണെന്നും മുഖ്യമന്ത്രി ഇപ്പോള്‍ ഫയല്‍ വിളിപ്പിച്ചതു വെറും തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ ഒരു കോടി രൂപയല്ല നാലേകാല്‍ കോടിയാണു കൈക്കൂലിയെന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ പറയുന്നു. ധനകാര്യമന്ത്രിക്ക് ഇതറിയാമായിരുന്നു. 4.5 കോടി കോഴ ഇടപാട് നടന്നത് അറിഞ്ഞിട്ടും ഐസക് മറച്ചുവച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചില്ല. ട്രഷറി വെട്ടിപ്പിനു മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഉന്നതതലങ്ങളില്‍ നടന്ന ഗൂഢാലോചനയാണ്. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് എല്ലാം നടന്നത്. ലൈഫ് പദ്ധതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിനു മിനിട്‌സ് പോലുമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അതെങ്ങനെ വിശ്വസിക്കും. മിനിട്‌സില്ലാതെ എങ്ങനെ യോഗം ചേരുമെന്നും ചെന്നിത്തല ചോദിച്ചു.

Top