ലൈഫ് മിഷന്‍; കേരളം അനുമതി തേടിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് ഇടപാടില്‍ കേരളം അനുമതി തേടിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.കരാറിനായി കേരളം അനുമതി തേടണമായിരുന്നു. വിദേശ ഏജന്‍സികളുമായി ഒരു കരാറില്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

വിദേശ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണുള്ളത്.എന്നാല്‍ ഇക്കാര്യത്തില്‍ കേരളസര്‍ക്കാരിനു വീഴ്ചയുണ്ടായി. ഭരണഘടനാപരമായി വിദേശകാര്യവും വിദേശ രാജ്യങ്ങളുമായുള്ള കരാറുകളും കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരും റെഡ് ക്രെസന്റുമായി ഒപ്പിട്ട കരാര്‍ പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ലൈഫ് മിഷന്‍ പദ്ധതിക്ക് 20 കോടി രൂപ റെഡ്ക്രസന്റില്‍ നിന്ന് വാങ്ങാന്‍ അനുമതി തേടിയിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. വിദേശ സര്‍ക്കാരുകളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ധനസഹായം സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുമ്പോള്‍ കേന്ദ്ര അനുമതി അനിവാര്യമെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള ചട്ടവും കേരളം പാലിച്ചില്ല എന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ഇനി എന്ത് നടപടി വേണമെന്ന് കേന്ദ്രം ആലോചിക്കും.

Top