സർക്കാറിനെതിരെ അവസാന ‘യുദ്ധം’ സകല പ്രതീക്ഷയും സി.ബി.ഐ യിൽ !

സ്വര്‍ണ്ണക്കടത്തു കേസില്‍ തെളിവില്ലാതെ ഒരാളെ പോലും പ്രതിചേര്‍ക്കില്ലന്ന ഉറച്ച നിലപാട് എന്‍.ഐ.എ സ്വീകരിച്ചതോടെ കളം മാറ്റി പ്രതിപക്ഷം. ഇതിന്റെ ഭാഗമായാണ് അനില്‍ അക്കര എം.എല്‍.എ സി.ബി.ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. സി.ബി.ഐ ആകട്ടെ ഉടനെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പരാതി ലഭിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് അസാധാരണ നടപടിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകളും ഗൂഢാലോചനക്കുറ്റവുമാണ് എഫ്.ഐ.ആറില്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്.

പ്രതികളായി എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത് യൂണിടാക്കിനെയും സെയിന്‍ വെഞ്ചേഴ്സിനെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പൊതു സേവകരെയും മറ്റു വ്യക്തികളെയുമാണ്. ലൈഫ് മിഷന്‍ മൂന്നാം പ്രതിയാണെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ലങ്കിലും സി.ബി.ഐക്ക് ആരെയും എപ്പോള്‍ വേണമെങ്കിലും പ്രതിയാക്കാന്‍ കഴിയും. ഇതിന്റെ പേരില്‍ ചോദ്യവും ചെയ്യാം. തിരഞ്ഞെടുപ്പ് വരുന്നതിനാലും, സി.ബി.ഐയെ ഭരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആയതിനാലും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് മോദിയും അമിത് ഷായും ആയതിനാലും ഈ സാധ്യതകളൊന്നും തന്നെ ഇനി തള്ളിക്കളയാന്‍ കഴിയുകയില്ല. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കി സി.ബി.ഐ കേസെടുത്തതും പിന്നീട് വിചാരണ കോടതി വെറുതെ വിട്ടതും നമുക്ക് മുന്നിലുള്ള പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്.

മുഖ്യമന്ത്രി പിണറായി ഒരിക്കലും തിരിച്ചറിയാത്ത പൊതു സേവകനല്ല. അതു കൊണ്ട് തന്നെ എഫ്.ഐ.ആറിലെ ഈ പരാമര്‍ശം പിണറായിയെ ഉദ്ദേശിച്ചല്ലെന്ന് തന്നെ തല്‍ക്കാലം  കരുതാം. എന്നാല്‍, ഇവിടെ സി.ബി.ഐ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇനിയും പ്രതികളുണ്ടാകുമെന്ന സൂചന അതാണ് നല്‍കുന്നത്. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനം, ഗൂഢാലോചന കുറ്റം എന്നിവയാണ് പ്രാഥമികമായി ചേര്‍ത്തിരിക്കുന്നത്. 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതു കോടിയുടെ അഴിമതിയാണ് പരാതിയില്‍ അനില്‍ അക്കര ഉന്നയിച്ചിരിക്കുന്നത്. 4.25 കോടി രൂപ കമ്മിഷന്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള ചിലര്‍ക്ക് ലഭിച്ചതായി നേരത്തെ കൈരളി എഡിറ്റര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

ഇത് ഞെട്ടിക്കുന്ന കാര്യം മാത്രമല്ല, കണ്ടു പിടിക്കേണ്ട കാര്യം കൂടിയാണ്. വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചതും അതിനു വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ സി.ബി.ഐ തന്നെ രംഗത്ത് വന്നതോടെ ഇക്കാര്യവും അവര്‍ തന്നെയാണ് പരിശോധിക്കുക. ഏത് ഉന്നതന്റെ ബന്ധു പണം തട്ടിയെടുത്താലും പിടിക്കപ്പെടണം എന്നത് കൊണ്ട് തന്നെയാണ് സി.പി.എം അനുകൂല ചാനലിന്റെ എം.ഡി തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഇതേകുറിച്ച് കേട്ടിരുന്നു എന്ന് മന്ത്രി തോമസ് ഐസക്കും പറയുകയുണ്ടായി. ഇടതുപക്ഷത്തിനോ സര്‍ക്കാറിനോ എന്തെങ്കിലും ഒളിക്കാനുണ്ടെങ്കില്‍ അവര്‍ ഇക്കാര്യം പരസ്യമായി പറയുമോ? ഇക്കാര്യം നാം ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് പ്രതിചേര്‍ത്തപ്പോഴും സി.പി.എം അതിനെതിരെ രംഗത്ത് വന്നിട്ടില്ല. അതുപോലെ തന്നെ മറ്റ് ഏത് ഉന്നതന്റെ മകന്‍ കൈക്കൂലി വാങ്ങിയാലും ന്യായീകരിക്കാന്‍ ഇടതുപക്ഷമുണ്ടാകില്ലെന്ന കാര്യവും ഉറപ്പാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് സി.പി.എം സെക്രട്ടറിയും സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രിയും വ്യക്തമാക്കി കഴിഞ്ഞു. ഉപ്പ് തിന്നത് എത് ‘പൊന്നുമോനാണെങ്കിലും’ വെള്ളംകുടിക്കുക തന്നെ വേണം. സി.ബി.ഐ സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കില്‍ അതും സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്.അതേസമയം, രാഷ്ട്രീയ താല്‍പര്യത്തോടെ അന്വേഷണ സംഘം പ്രവര്‍ത്തിച്ചാല്‍ ചോദ്യം ചെയ്യപ്പെടുകയും വേണം. ധൃതി പിടിച്ച ഇപ്പോഴത്തെ സി.ബി.ഐ നടപടിയെ സി.പി.എം ചോദ്യം ചെയ്യുന്നതിനെ ഒരിക്കലും കുറ്റം പറയാന്‍ കഴിയുകയില്ല. ടൈറ്റാനിയം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കാണിക്കാത്ത ജാഗ്രതയാണ് അനില്‍ അക്കരയുടെ പരാതിയില്‍ സി.ബി.ഐ ‘ലൈഫില്‍’ കാണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് രാഷ്ട്രീയപ്രേരിത നടപടിയായാണ് സി.പി.എം വിലയിരുത്തുന്നത്. ബി.ജെ.പിയും-കോണ്‍ഗ്രസ്സും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണെന്നാണ് ആരോപണം.

ലൈഫ് ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ മന്ത്രി എ.സി മൊയ്ദീനുമാണ്. പ്രതിപക്ഷ നീക്കത്തിന്റെ കാരണം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതി. ഇതിനകം തന്നെ അനവധി പേര്‍ക്ക് ഈ പദ്ധതി പ്രകാരം വീട് വച്ചു നല്‍കിയിട്ടുണ്ട്. ലൈഫ് പദ്ധതിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ആരായാലും മഹാപാപമാണ് അവര്‍ ചെയ്തിരിക്കുന്നത്. പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നതിന് തുല്യമാണ് പാവങ്ങള്‍ക്കായി പണിയുന്ന കെട്ടിടത്തില്‍ കൈവയ്ക്കുന്നതെന്ന ബോധം കൈക്കൂലി വാങ്ങിയവര്‍ക്കുമാത്രമല്ല കൊടുത്തവര്‍ക്കും ഉണ്ടാകണമായിരുന്നു. ഇതിന്റെ യാഥാര്‍ത്ഥ്യം പൊതു സമൂഹം അറിയുക തന്നെ വേണം. അന്വേഷണം നടക്കേണ്ടത് സത്യസന്ധമായിട്ടായിരിക്കണം. അതില്‍ ഒരുതരം ഇടപെടലും നടത്താന്‍ പാടുള്ളതല്ല. ഇക്കാര്യം മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ ഉറപ്പു വരുത്തണം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ സ്വീകരിച്ചിരിക്കുന്നത് മാതൃകാപരമായ നടപടിയാണ്. മാധ്യമ പ്രചരണങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൊളിച്ചടുക്കപ്പെട്ടത്. ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എന്‍.ഐ.എക്ക് ഇല്ലെന്നാണ് ഉന്നത  ഉദ്യോഗസ്ഥര്‍ തന്നെ  ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്ന നിലപാടിലാണ് അന്വേഷണ സംഘമുള്ളത്. എന്‍.ഐ.എ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും കാര്യങ്ങള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണ്. ധൃതി പിടിച്ച് നടപടികളിലേക്ക് കടന്നാല്‍ തിരിച്ചടി ലഭിക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. വ്യക്തമായ തെളിവില്ലാതെ ആരെയും പ്രതിയാക്കരുതെന്ന നിര്‍ദ്ദേശം മേലുദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരിക്കുന്നത്. പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് എന്‍.ഐ.എ ശിവശങ്കറിനോട് വ്യക്തത തേടിയിരുന്നത്. അതില്‍ ഒന്ന് ലൈഫ് മിഷനിലെ കമ്മിഷന്‍ ഇടപാട് ശിവശങ്കരന്‍ അറിഞ്ഞിരുന്നുവോ എന്നതാണ്. മറ്റൊന്ന് സ്വപ്നയുടെയും ശിവശങ്കറിന്റെയും കൂടിക്കാഴ്ചകള്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടായിരുന്നോ എന്നതായിരുന്നു. രണ്ടിലും ശിവശങ്കറിനെ പ്രതിയാക്കാന്‍ പറ്റുന്ന യാതൊരു തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല. സ്വപ്നയുമായുള്ള കൂടിക്കാഴ്ച ‘വ്യക്തിപരം’ എന്നുതന്നെയാണ് ശിവശങ്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും കൂടിക്കാഴ്ച നടത്തിയ തീയതികളിലും ഇപ്പോള്‍ വ്യക്തത വന്നിട്ടുണ്ട്. സ്വര്‍ണം പിടിച്ച ശേഷവും സ്വപ്ന തന്നെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചതായാണ് വിവരം. താന്‍ സ്വപ്നയെ സഹായിച്ചിട്ടില്ലന്നും  ശിവശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിവശങ്കര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ തന്നെയാണ് ഏറക്കുറേ ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ സ്വപ്നയും സമ്മതിച്ചിരിക്കുന്നത്.

സ്വപ്നയുമായി വ്യക്തിപരമായ അടുപ്പമുള്ളത് മാത്രം മുന്‍ നിര്‍ത്തി ശിവശങ്കറിനെ കേസില്‍ പ്രതിയാക്കാന്‍ എന്‍.ഐ.എക്ക് ഒരിക്കലും കഴിയുകയില്ല. അങ്ങനെ ചെയ്താല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ഇത്തരമൊരു സാഹചര്യം എന്‍.ഐ.എയും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ശക്തമായ തെളിവുകള്‍ ലഭിക്കാതെ ശിവശങ്കറിനെ പ്രതിയാക്കേണ്ടന്ന നിലപാടിലാണ് അന്വേഷണ സംഘം. നിയമപരമായ ഈ ആനുകൂല്യം ശിവശങ്കറിന് ലഭിച്ചാല്‍ അദ്ദേഹത്തിന് മുകളിലുള്ള കാര്‍മേഘമാണ് മാറുക. ആ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ശിവശങ്കര്‍ പ്രതിചേര്‍ക്കപ്പെട്ടില്ലങ്കില്‍ പ്രതിപക്ഷമാണ് വെട്ടിലാകുക. ശിവശങ്കറിനെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിച്ചിരുന്നത്. മാധ്യമങ്ങളും വിട്ടുവീഴ്ച ഇല്ലാതെയാണ് സര്‍ക്കാറിനെ കടന്നാക്രമിച്ചിരുന്നത്. ഇതിന് സമാനമായ നിലപാട് തന്നെയാണ് മന്ത്രി ജലീലിന്റെ വിഷയത്തിലും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. ജലീലിന്റെ രാജിയായിരുന്നു ലക്ഷ്യം. എന്നാല്‍, ജലീലിനെ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സികള്‍ക്കും അദ്ദേഹത്തെ പ്രതിയാക്കാനുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണിത്.

 

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത് എന്നതിനാല്‍ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവും ഇക്കാര്യത്തില്‍ വിലപ്പോവുകയില്ല. ഇത് ബി.ജെ.പിയെ മാത്രമല്ല യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കുന്ന കാര്യമാണ്. ചുവപ്പിനു നേരെ തൊടുത്ത് വിട്ട ആയുധം തിരിച്ചടിച്ചാല്‍ വലിയ വിലയാണ്  പ്രതിപക്ഷത്തിന് കൊടുക്കേണ്ടി വരിക. ‘കാള പെറ്റു എന്ന് കേട്ട മാത്രയില്‍ കയറെടുക്കാന്‍ ഓടിയ’ മാധ്യമങ്ങളുടെ വിശ്വാസ്യതയും  വലിയ രൂപത്തിലാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ അവസ്ഥ മറികടക്കാനാണ, ലൈഫിലൂടെ ഇടതുപക്ഷ വിരുദ്ധര്‍ ശ്രമിക്കുന്നത്. സി.ബി.ഐ അന്വേഷണത്തിലാണ് ഇവരുടെ സകല പ്രതീക്ഷകളും. അതും തിരിച്ചടിച്ചാല്‍ യോദ്ധ സിനിമയില്‍ ‘അരിശുംമൂട്ടില്‍ അപ്പുക്കുട്ടനോട് തൈപറമ്പില്‍ അശോകന്‍ പറഞ്ഞതുപോലെ’ ഇനി ഒരു അവസരം ഈ വര്‍ഷമുണ്ടാവുകയില്ല. ഇതോടെ കാട്ടുവാസികള്‍ക്കിടയില്‍പ്പെട്ട ‘അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ’ അവസ്ഥയിലേക്ക് ചെന്നിത്തലയും മാറാനാണ് സാധ്യത.

Top