ലൈഫ് മിഷന്‍ കേസ്; സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും

kerala hc

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വഷണത്തിനുള്ള സ്റ്റേ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി. ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കേസ് മാറ്റിയത്.

ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് മൂലം അന്വേഷണം പൂര്‍ണമായും തടസപ്പെട്ട അവസ്ഥയിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. നിര്‍മാണത്തിനായി വിദേശ ഏജന്‍സിയില്‍ നിന്ന് ലഭിച്ച പണത്തില്‍ ഒരു ഭാഗം കൈക്കൂലിയായും വിലയേറിയ സമ്മാനവുമായി നല്‍കിയിട്ടുണ്ടെന്ന് കരാര്‍ കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സിബിഐ ഹര്‍ജിയില്‍ പറഞ്ഞു.

Top