ലൈഫ് മിഷന്‍ കേസ്: അന്വേഷണം മുഖ്യമന്ത്രിയുടെ അനുമതിയോടെയെന്ന് കേന്ദ്രം

ലൈഫ് മിഷന്‍ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. യഥാര്‍ഥ വസ്തുത വെളിച്ചത്ത് കൊണ്ടുവരണമെന്നാണ് ഈ കത്തിലെ ആവശ്യമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ലൈഫ് മിഷന്‍ കേസിലെ അന്വേഷണം സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെയാണ് നടക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രദമായ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരം തന്നെയാണ്. ഈ കത്ത് മറ്റൊരു കേസില്‍ ഡിവിഷന്‍ബെഞ്ച് മുമ്പകെ അഡ്വക്കറ്റ് ജനറല്‍ ഹാജരാക്കിയിട്ടുണ്ട്. സി.ബി.ഐക്ക് അന്വേഷണം നടത്താന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ആവശ്യമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുനിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം.

ലൈഫ് മിഷനില്‍ വിജിലന്‍സിന്റെ അന്വഷണം നിക്ഷപക്ഷമാകില്ല. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിലൂടെ അഴിമതി സമ്മതിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. അന്വേഷണ ഏജന്‍സിയെ മാറ്റാനോ അന്വേഷണരീതി നിര്‍ദേശിക്കാനോ കോടതി മേല്‍നോട്ടം വഹിക്കുന്ന അന്വേഷണം ആവശ്യപ്പെടാനോ പ്രതികള്‍ക്ക് കഴിയില്ല. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരോപണവിധേയമായ കേസില്‍ കൂടുതല്‍ വിശ്വാസ്യതക്കായി സ്വതന്ത്ര ഏജന്‍സി അന്വേഷണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുള്ളതാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

Top