കശ്മീര്‍ വീണ്ടും അസമാധാനത്തിലേക്ക്: സമരം പൂര്‍ണ്ണം,നാലു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിലച്ചു

kashmir

കാശ്മീര്‍: കശ്മീരിലെ ജീവിതം വീണ്ടും അസാമധാനത്തിലേക്ക്. സൈന്യവും വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു കൊല്ലപ്പെട്ടതൊടെയാണ് കശ്മീരിലെ ഷോഫിയാന്‍ ജില്ലയിലെ അന്തരീക്ഷം വീണ്ടും ഭയാനകമായി മാറിയത്. ഇതോടെ ശ്രീനഗറിലെ നാലു ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. പുല്‍വാമ, അനന്ത്‌നാഗ്, കുല്‍ഗാന്‍, ഷോഫിയന്‍ തുടങ്ങിയ ജില്ലകളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകളാണ് നിരോധിച്ചത്.

കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടര്‍ന്ന് വിഘടനവാദികള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ പലയിടങ്ങളിലും അക്രമവും, സംഘര്‍ഷവും നിലനിന്നിരുന്നു. കശ്മീരിലെ കടകളും അടച്ചിടുകയും, വാഹന ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തു. സമരാനൂകൂലികള്‍ പല വാഹനങ്ങള്‍ക്കും നേരെ കല്ലെറിയുകയും ചെയ്തതോടെ പല സര്‍വീസുകളും നിര്‍ത്തിവെച്ചു.

സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവെപ്പില്‍ ഷോഫിയാന്‍ ഗണവോപ്പോറയില്‍ രണ്ടു യുവാക്കള്‍ മരിക്കുകയും, നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനുമായി സംസാരിച്ചിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകോപനമില്ലാതെ നടത്തിയ പ്രതിഷേധത്തിനെതിരെയാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് പ്രാദേശവാസികള്‍ ആരോപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ നിരവധി സൈനീകര്‍ക്ക് പരുക്കേറ്റു.കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതേസമയം, പലയിടങ്ങളിലും ജനങ്ങളുടെ പ്രതിഷേധത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഫകാദല്‍, കന്യാര്‍,നൗഹാട്ട, റെയിന്‍വാരി,എംആര്‍ ഗഞ്ച്,തുടങ്ങിയിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Top