ആയുര്‍ദൈര്‍ഘ്യ വര്‍ധന; ബ്രിട്ടന്റെ റാങ്കിങ്ങ് നില പിന്നിലെത്തി

ലണ്ടന്‍: ആരോഗ്യരംഗത്തെ മുന്നേറ്റങ്ങള്‍ക്കനുസരിച്ചുള്ള ആയുര്‍ദൈര്‍ഘ്യ വര്‍ധനയില്‍ ബ്രിട്ടന്റെ റാങ്കിങ്ങ് താഴ്ന്നു. 2015- 17 വര്‍ഷത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ കണക്കിലാണു നിര്‍ണായക വെളിപ്പെടുത്തല്‍. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയിലും താഴ്ന്ന നിലയിലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 79.2 വര്‍ഷവും, സ്ത്രീകളുടേത് 82.9 വര്‍ഷവുമാണ്. സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും ഈ കണക്കില്‍ ഇരുപക്ഷത്തും മാസങ്ങളുടെ കുറവുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും തണുപ്പുകാലത്തുണ്ടായ മരണനിരക്കിലെ കൂടുതലാണ് ആയുര്‍ദൈര്‍ഘ്യവര്‍ധന നിലയ്ക്കാന്‍ കാരണമെന്നാണു സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണ്ടെത്തല്‍.

വികസിത രാജ്യങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണു ബ്രിട്ടന്റെ സ്ഥാനം. പുരുഷന്മാരില്‍ സ്വിറ്റ്‌സര്‍ലന്‍ഡും (81.5 വര്‍ഷം) സ്ത്രീകളില്‍ ജപ്പാനുമാണ് (87 വര്‍ഷം ) ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍.

Top