licenses issued to rock quarries-supreme court

ന്യൂഡല്‍ഹി: അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് ക്വാറി ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമായും നേടിയിരിക്കണമെന്നു സുപ്രീം കോടതി.

ഇത് സംബന്ധിച്ച് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി വേണ്ടെന്നായിരുന്നു സര്‍ക്കാരും ക്വാറി ഉടമകളും വാദിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീം കോടതി തള്ളി.

ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ ഉത്തരവ് കര്‍ശനമായി പാലിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. റോഡ് നീളെ ക്വാറികള്‍ വന്നാല്‍ അത് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം വലുതായിരിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ക്വാറി ഉടമകളെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചു.

എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കിയാല്‍ സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ സ്തംഭിക്കുമെന്ന വാദവും കോടതി നിരാകരിച്ചു.

പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന് പറയുന്നുണ്ട്. കേരളത്തിന് മാത്രമായി അനുമതി നല്‍കിയാല്‍ ഹരിയാന, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ സമാനമായ ആവശ്യവുമായി രംഗത്തു വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Top