വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ്; നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് സര്‍ക്കാരിന് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കാക്കനാട് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് നടപടി.

തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്കും കോടതി നിര്‍ദേശം നല്‍കി. തെരുവില്‍ അലഞ്ഞു തിരിയുന്ന നായകള്‍ക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നത്. അതിനാല്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കണം.

ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാനാണ് തൃക്കാക്കര നഗരസഭാധികൃതരോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

 

Top