ഇടപ്പള്ളി ഹൈവേയില്‍ പിതാവിന്റെ അതിരു കടന്ന സാഹസം ; ലൈസന്‍സ് റദ്ദാക്കി ആര്‍.ടി.ഒ

കൊച്ചി : ഇടപ്പള്ളി ലുലു മാളിന്റെ മുന്നിലെ നാഷണല്‍ ഹൈവേയിലൂടെയുള്ള യാത്രയില്‍ അഞ്ചു വയസ്സുകാരിക്ക് സ്‌ക്കുട്ടറിന്റെ നിയന്ത്രണം വിട്ട് നല്‍കിയ അച്ഛനെതിരെ നടപടി. പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് ഒരുവര്‍ഷത്തേയ്ക്ക് റദ്ദാക്കാന്‍ ജോയിന്റ് ആര്‍.ടി.ഒ നിര്‍ദേശം നല്‍കി.

ഞായറാഴ്ചയാണ് ഇടപ്പള്ളി ലുലു മാളിന്റെ മുന്നിലെ നാഷണല്‍ ഹൈവേയില്‍ യാത്രക്കാരെയെല്ലാം ഭീതിയിലാഴ്ത്തി പിതാവിന്റെ അതിരു കടന്ന സാഹസം അരങ്ങേറിയത്. പിഞ്ചു കുഞ്ഞിനെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ചു അത് കണ്ട് ആസ്വദിക്കുന്ന അച്ഛനും അമ്മയും. ഇവര്‍ക്കിടയില്‍ മറ്റൊരു പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു.

സംഭവത്തില്‍ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മട്ടാഞ്ചേരി രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് ഇതെന്നും കണ്ടെത്തിയിരുന്നു.

അച്ഛനേയും, അമ്മയേയും കുഞ്ഞനുജത്തിയേയും പിന്നിലിരുത്തിയാണ് പെണ്‍കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. ലുലു മാളിനു സമീപത്തു കൂടെ കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു പോകുന്ന ദൃശ്യങ്ങള്‍ പിന്നാലെ വന്ന കാറിലെ യുവാക്കളാണ് പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ വൈറലാവുകയും ചെയ്തു. സംഭവം ട്രാഫിക് പോലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്.

Top