കരാറുകാരുടെ ലൈസന്‍സ് പുതുക്കുന്നതിന് മാര്‍ച്ച് 31 വരെ പണമടയ്ക്കാം മന്ത്രി ജി സുധാകരന്‍

sudhakaran

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പ് കരാറുകാരുടെ ലൈസന്‍സുകള്‍ പുതുക്കുന്നതിന് പിഴയോടുകൂടി പണം അടയ്ക്കാനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയതായി മന്ത്രി ജി സുധാകരന്‍. കരാറുകാരുടെ വിവിധ സംഘടനകള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൂന്നു തവണയായി 31.02.2017 വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ഇത്രയൊക്കെ സമയം ലഭിച്ചിട്ടും ഉത്തരവാദിത്വ രഹിതമായി പുതുക്കാന്‍ ശ്രമിക്കാത്ത കരാറുകാര്‍ യഥാര്‍ത്ഥത്തില്‍ യോഗ്യതയുള്ള കരാറുകാരല്ലയെന്നു മനസ്സിലാക്കേണ്ടി വരും. അത്തരക്കാര്‍ പ്രവൃത്തികള്‍ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹണം നടത്തുമോയെന്ന കാര്യവും സംശയകരമാണ്. എങ്കിലും തുടര്‍ച്ചയായി ഉണ്ടായ ആവശ്യപ്രകാരം പിഴയോടു കൂടി ഫീസടയ്ക്കാന്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ അംഗീകാരമുള്ള ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. പുതുക്കുന്നതിനുള്ള മറ്റു വ്യവസ്ഥകളില്‍ മാറ്റമില്ല. ഈ ആനുകൂല്യം തുടര്‍ വര്‍ഷങ്ങളില്‍ ലഭ്യമാകില്ലെന്നും അറിയിച്ചിട്ടുണ്ട്. ദീര്‍ഘിപ്പിച്ച സമയപരിധിക്കുള്ളില്‍ പുതുക്കാനാവാത്തവര്‍ യാതൊരു കാരണവശാലും സര്‍ക്കാര്‍ മരാമത്തു പണികള്‍ക്ക് യോഗ്യരല്ലെന്നും, അത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ സംഘടനകളും മുന്നോട്ടു വരരുതെന്നും വളരെ ലാഘവത്തോടെ കാണേണ്ട ഒന്നല്ല കരാര്‍ നിയമവും കരാര്‍ തൊഴിലുമെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Top