ലോകത്തെ ഏറ്റവും കരുത്തുറ്റ ഇന്‍ഷൂറന്‍സ് ബ്രാന്‍ഡുകളില്‍ എല്‍ഐസി മൂന്നാമത്

കൊച്ചി: അഭിമാന നേട്ടവുമായി എല്‍ഐസി. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഇന്‍ഷുറന്‍സ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഇടംനേടി. മൂന്നാമതായാണ് എല്‍ഐസിയെ ലണ്ടന്‍ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ആഗോളതലത്തില്‍ മൂല്യമേറിയ പത്താമത്തെ ഇന്‍ഷുറന്‍സ് ബ്രാന്‍ഡായും എല്‍ഐസി തിരഞ്ഞെടുക്കപ്പെട്ടു.

കൊവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കമ്പനികളുടെ ബ്രാന്‍ഡ് മൂല്യം ഇടിഞ്ഞിട്ടുണ്ടെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഡെക്ലാന്‍ അര്‍ഹെന്‍ പറഞ്ഞു. എന്നാല്‍ കൊവിഡിനിടെയിലും എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയരുകയാണ് ചെയ്തത്. പട്ടികയിലെ ആദ്യ പത്തില്‍ ഭൂരിഭാഗവും ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനികളാണ്.

ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച 100 ഇന്‍ഷുറന്‍സ് ബ്രാന്‍ഡുകളുടെ മൊത്തം മൂല്യം 6 ശതമാനം ഇടിഞ്ഞ് 433.0 ബില്യണ്‍ ഡോളറായി. കഴിഞ്ഞവര്‍ഷം ഇത് 462.4 ബില്യണ്‍ ഡോളറായിരുന്നു. എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യം 6.8 ശതമാനം ഉയര്‍ന്ന് 8.65 ബില്യണ്‍ ഡോളറിലെത്തിയതായി ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top