എൽ.ഐ.സി.യുടെ ഐ.പി.ഒ. ഒക്ടോബറിനു ശേഷം ഉണ്ടായേക്കും

മുംബൈ: ഒക്ടോബറിനു ശേഷം എൽ.ഐ.സി.യുടെ ഐ.പി.ഒ. ഉണ്ടായേക്കുമെന്ന് കേന്ദ്ര നിക്ഷേപ- പൊതു ആസ്തി കൈകാര്യ വകുപ്പ്(ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ. എൽ.ഐ.സി.യുടെ ഐ.പി.ഒ. നടത്തുന്നതിനും ഐ.ഡി.ബി.ഐ.ബാങ്കിന്റെ അവശേഷിക്കുന്ന ഓഹരികൾ വിറ്റഴിക്കുന്നതിനും സർക്കാരിന് പാർലമെന്റിൽ നിയമഭേദഗതി പാസാക്കേണ്ടതുണ്ട്. ഇത്തവണത്തെ ധനബില്ലിൽ ഈ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ബിൽ ഉണ്ടാകില്ലെന്നും ഇത് കഴിഞ്ഞ ദിവസം പാർലമെന്റിൽ വെച്ചതായും അദ്ദേഹം പറഞ്ഞു.

“എൽ.ഐ.സി. ഐ.പി. ഒ.യ്ക്കുള്ള മൂല്യനിർണയ നടപടികൾ നടന്നുവരുന്നു. ഇതിനായുള്ള ഏജൻസികളെ ദീപം ചുമതലപ്പെടുത്തിയിട്ടുണ്ട്. എൽ.ഐ.സി.യുടെ പത്തുമുതൽ 15 ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.” പാണ്ഡേ കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ, ബി.പി.സി.എൽ, ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വിൽപ്പന 2021 സെപ്റ്റംബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഐ.ഡി.ബി.ഐ. ബാങ്ക്, രണ്ടു പൊതുമേഖലാ ബാങ്കുകൾ, കണ്ടെയ്നർ കോർപ്പറേഷൻ, ബെമൽ, പവൻ ഹാൻസ്, നീലാചൽ ഇസ്പാത് നിഗം ലിമിറ്റഡ് എന്നിവയുടെ വിൽപ്പനയും ഈ വർഷം തന്നെ പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. എയർ ഇന്ത്യക്കും ബി.പി.സി.എല്ലിനും പ്രാഥമിക താത്പര്യപത്രം ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട നടപടികൾ പുരോഗമിക്കുകയാണ്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ താത്പര്യപത്രം സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 13 ആണ്.

Top