lic-cheating-against-kudumbasree-project

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്‍ഐസിയുമായി ചേര്‍ന്ന് നടപ്പിലാക്കിയ ‘കുടുംബശ്രീ സ്ത്രീ സുരക്ഷാ ഭീമാ യോജന’ (കെഎസ്എസ്ബിവൈ) പദ്ധതിയില്‍ എല്‍ഐസി തട്ടിപ്പ് നടത്തിയതായി ആരോപണം.

2014ല്‍ ആണ് ഈ പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നത്. ഏഴര ലക്ഷം കുംടുംബശ്രീ അംഗങ്ങളാണ് ആദ്യഘട്ടത്തില്‍ പങ്കാളിയായത്.

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള നൂറ് രൂപയും അംഗങ്ങളില്‍ നിന്നും വാങ്ങുന്ന നൂറ്റന്‍പത് രൂപയും അടക്കം ഇരുന്നൂറ്റന്‍പത് രൂപയാണ് ഒരു അംഗത്തില്‍ നിന്നും എല്‍ഐസിക്ക് ലഭിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ 18 കോടി 75 ലക്ഷം രൂപ എല്‍ഐസിക്ക് പ്രീമിയം ആയി ലഭിച്ചിരുന്നു.

ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്ന നേട്ടങ്ങള്‍ 9,10,11,12 ക്ലാസുകളിലായി പഠിക്കുന്ന കുടുംബശ്രീ അംഗങ്ങളുടെ രണ്ട് മക്കള്‍ക്ക് 1200 രൂപ സ്‌കോളര്‍ഷിപ്പും 5000 രൂപയുടെ ഡെത്ത് കവറേജുമാണ്.

എന്നാല്‍ 2014 ല്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നാലാമത്തെ ഘട്ടം ആരംഭിക്കുന്ന ഈ സമയത്തും 80ശതമാനം മാത്രമാണ് വിതരണം ചെയ്തിട്ടുള്ളതെന്നാണ് ആക്ഷേപം.

2014ല്‍ തന്നെ ജൂണില്‍ രണ്ടാംഘട്ടവും 2015ല്‍ മൂന്നാം ഘട്ടവും കഴിഞ്ഞാണ് 2016 ഡിസംബറില്‍ നാലാം ഘട്ടം ആരംഭിക്കുന്നത്.

രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും പദ്ധതിയില്‍ പങ്കാളികളായ ലക്ഷക്കണക്കിനു വരുന്ന പാവപ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ കൈയ്യില്‍ നിന്നും കോടികള്‍ പിരിച്ചെടുത്ത എല്‍ഐസി നാളിതു വരെ നല്‍കേണ്ട സ്‌കോളര്‍ഷിപ്പുകളോ, ഡെത്ത്കവറേജോ നല്‍കിയീട്ടുമില്ല.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കയാണെങ്കിലും കുടുംബശ്രീ മിഷനിലെ അനധികൃതമായ സ്വാധീനം ഉപയോഗിച്ച് പദ്ധതിയുടെ നാലാംഘട്ടത്തിന്റേയും അനുമതി എല്‍ഐസി ഇതിനകം നേടിയെടുത്തിട്ടുണ്ട്.

ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം നേടിയെടുക്കുന്നതില്‍ അംഗങ്ങളുടെ ഇന്‍ഷുറസ് നിയമപരിജ്ഞാന കുറവും, കുടുംബശ്രീ സംസ്ഥാന മിഷനില്‍ ഉള്ള സ്വാധീനവും ആണ് എല്‍ഐസി ദുരുപയോഗംചെയ്യുന്നതത്രേ.

അംഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യം നേടികൊടുക്കാന്‍ ആദ്യഘട്ടത്തില്‍ ഒരു ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്‍സിയെ കുടുംബശ്രീ തെരഞ്ഞെടുത്തിരുന്നെങ്കിലും പിന്നീട് എല്‍ഐസി ഇടപെട്ട് പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുകയായിരുന്നു.

കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് നിയമത്തിന് വിധേയരായി ആനുകൂല്യങ്ങള്‍ വാങ്ങി കൊടുക്കാന്‍ കരാര്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സിയെ സൈഡ്‌ലൈന്‍ ചെയ്തത് എല്‍ഐസിക്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ആനുകൂല്യം നല്‍കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ഡോ. എംകെ മുനീറിനെ കണ്ട് പലതവണ കുടുംബശ്രീ സിഡിഎസ് കോര്‍ഡിനേറ്റര്‍മാര്‍ പരാതി പറഞ്ഞതാണെങ്കിലും കുടുംബശ്രീ മിഷനിലെ എല്‍ഐസിയുമായി ബന്ധമുള്ളവര്‍ കൂടുതല്‍ നടപടികള്‍ എടുക്കാതെ പരാതികള്‍ മുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലപ്രദമായി ഇടപെടാന്‍ കുടുംബശ്രീ സംസ്ഥാന മിഷനും സാധിച്ചിട്ടില്ല. എല്‍ഐസിയുടെ തട്ടിപ്പിനെ കുറിച്ചുള്ള പരാതികള്‍ സംസ്ഥാന മിഷനിലെത്തുമ്‌ബോള്‍ അപ്രത്യക്ഷമാവുകയാണത്രെ പതിവ്.

ഏറ്റവും വലിയ വിരോധാഭാസം പദ്ധതിയുടെ മൂന്ന് ഘട്ടം കഴിഞ്ഞ് നാലാം ഘട്ടം 2016 ഡിസംബറില്‍ ആരംഭിക്കുമ്പോഴും ഇത്രയും പിടിപ്പുകേടും കെടുകാര്യസ്ഥതയും ഉള്ള എല്‍ഐസിയെ തന്നെയാണ് കുടുംബശ്രീ വീണ്ടും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് എന്നതാണ്.

Top