സ്വതന്ത്ര പോരാട്ടം കടുപ്പിച്ച് ‘ലിബർട്ടി ഓഫ് റഷ്യ’; വിമോചനപതാക മോസ്‌കോയ്ക്ക് മുകളിൽ

മോസ്കോ : റഷ്യയിൽ പോരാട്ടം കടുപ്പിച്ച് ഫ്രീഡം ഓഫ് റഷ്യ ലീജിയൻ സേന. റഷ്യയിലെ രണ്ടു ഗ്രാമങ്ങൾ മോചിപ്പിച്ചതായി ഫ്രീഡം ഓഫ് റഷ്യ ലീജിയൻ അവകാശപ്പെട്ടു. തെക്കുപടിഞ്ഞാറൻ മേഖലയിലെ ബെൽഗൊരോഡി, കൊസിങ്ക ഗ്രാമങ്ങളാണ് മോച്ചിപ്പിച്ചതെന്ന് അവർ ട്വിറ്ററിൽ വ്യക്തമാക്കി. ഗ്രേവോറോണിലേക്ക് കടന്നതായും റഷ്യയെ സ്വതന്ത്രമാക്കുമെന്നും അവർ പറഞ്ഞു. മോസ്കോയുടെ ഹൃദയഭാഗത്ത് വിമോചനത്തിന്റെ നീല-വെളുപ്പ് പതാക ബലൂണിൽ പറക്കുന്നതിന്റെ ചിത്രവും സംഘടന ട്വിറ്ററിൽ പങ്കുവച്ചു.

യുക്രെയ്ൻ സൈന്യം രൂപം നൽകിയ ‘അട്ടിമറിസംഘം’ അതിർത്തി കടന്നെത്തി ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതായി റഷ്യ ആരോപിച്ചിരുന്നു. എന്നാൽ, ഫ്രീഡം ഓഫ് റഷ്യ ലീജിയൻ എന്ന സേനയുമായി ബന്ധമില്ലെന്നും റഷ്യയുടെ ഏകാധിപത്യത്തിനെതിരെ പോരാടുന്ന അവിടത്തെ പൗരന്മാരാണ് അതിനു പിന്നിലെന്നും യുക്രെയ്ൻ വ്യക്തമാക്കി. റഷ്യൻ, ബെലാറസ് സൈന്യങ്ങളിൽ നിന്ന് പുറത്തുവന്നവർ 2022 മാർച്ചിൽ രൂപീകരിച്ച ഈ സേനയെ റഷ്യൻ സുപ്രീംകോടതി ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

വ്ലാഡിമിർ പുട്ടിന്റെ നിയന്ത്രണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ള സംഘടന യുക്രെയ്ൻ പക്ഷത്തുനിന്നാണ് പോരാടുന്നത്. ഈ സേനയെ ഉന്മൂലനം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രീഡം ഓഫ് റഷ്യ ലീജിയനുമായുള്ള ഏറ്റുമുട്ടലിൽ നിരവധിപ്പേർക്ക് പരുക്കേറ്റതായി റഷ്യൻ അധികൃതർ അറിയിച്ചു. ഗ്രെയ്‌വോറോൺസ്‌കിയിൽ ആക്രമണം നടത്തിയവർക്കായി റഷ്യൻ സൈന്യം തിരച്ചിൽ നടത്തുകയാണെന്ന് ഗവർണർ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിവരങ്ങൾ ധരിപ്പിക്കുന്നുണ്ടെന്ന് വക്താവ് അറിയിച്ചു.

Top