എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാദ്ഗാനം തട്ടിപ്പ്; ചെന്നിത്തല

തിരുവനന്തപുരം:എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആലോചിച്ചു വേണ്ടത് ചെയ്യുമെന്ന വാഗ്ദാനം തട്ടിപ്പാണ്. ചര്‍ച്ച നടത്തിയത് മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെര.കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പ്രതികരിച്ചത്.

നൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലിസമയം എട്ട് മണികൂറാക്കി ക്രമീകരിച്ച് കൂടുതല്‍ അവസരം സൃഷ്ടിക്കും എന്ന് മന്ത്രി ഉറപ്പ് നല്‍കി. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഈ ഒഴിവുകള്‍ നികത്തുമെന്നും മന്ത്രി വ്യക്തമാക്കിയതായി അവര്‍ പറഞ്ഞു.

അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സര്‍ക്കാര്‍. അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരം ഇന്ന് അവസാനിച്ചേക്കും.

Top