മൊബൈൽ ഫോൺ ബിസിനസ്സ് അവസാനിപ്പിച്ച് എൽജി

ക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ എൽജി  ഇലക്ട്രോണിക്സ് സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങി. ഡയറക്ടർ ബോർഡ് അംഗീകരിച്ചതോടെയാണ് തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ കിടമത്സരം ആണ്  എൽജിയെ വിപണിയിൽ നിന്നും പിൻവാങ്ങാൻ നിർബന്ധിപ്പിച്ചത്.

മൊബൈൽ ഫോൺ വിപണിയിലുള്ള എൽജിയുടെ നിക്ഷേപങ്ങൾ ഇലക്ട്രിക്ക് വാഹങ്ങളുടെ ഘടകങ്ങൾ നിർമ്മിക്കുന്നതിനും, കണക്ടഡ് ഡിവൈസ്, സ്മാർട്ട് ഹോംസ്, റോബോട്ടിക്‌സ്, നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്), ബിസിനസ്സ്-ടു-ബിസിനസ് തുടങ്ങിയ എൽജിയ്ക്ക് പ്രാധിനിത്യം ഉള്ള മേഖലകളിലേക്കായി പുനർവിന്യസിക്കും.

കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് എൽജിയുടെ സ്മാർട്ട്ഫോൺ വിഭാഗത്തിൽ ജോലി ചെയുന്ന 60 ശതമാനത്തോളം തൊഴിലാളികളെ കമ്പനിയിൽ തന്നെ മറ്റു വിഭാഗങ്ങളിലെക്ക് പുനർനിയമനം നൽകും. ബാക്കി 40 ശതമാനത്തോളം വരുന്ന തൊഴിലാളികളെ 6ജി മൊബൈൽ ഫോൺ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട എൽജിയുടെ ഭാവി പരിപാടികളിൽ ഉൾക്കൊള്ളിക്കും.

Top