LG G5 leak points to a 5.6in 2K screen and plenty of power

എല്‍ജിയുടെ ‘ജി’ ശ്രേണിയിലെ ഫോണുകളുടെ മറ്റൊരു വകഭേദം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പ്രീമിയം സ്മാര്‍ട്ട് ഫോണുകളുടെ വിപണി കീഴടക്കാനെത്തുമെന്നു റിപ്പോര്‍ട്ട്. എല്‍ജി ജി 3,എല്‍ജി ജി 4 എന്നീ മുന്‍നിര ഫോണുകളുടെ പിന്‍ഗാമിയായി മികച്ച ഫീച്ചറുകളുമായാണ് എല്‍ജിയുടെ ജി 5 എന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍ എത്തുക.

സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമാക്കാന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഐറിസ് സ്‌കാനര്‍ എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാകും ജി 5 എല്‍ജി വിപണിയിലെത്തിക്കുക. സാംസങ് പുതുവര്‍ഷത്തില്‍ വിപണിയിലെത്തിക്കുന്ന മുന്‍നിര ഫോണുമായി മത്സരിക്കാനാകും പുതിയ മോഡല്‍ ഫോണുമായി എല്‍ജി രംഗത്തെത്തുക.

2560 x 1440 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 5.6 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനോടെയെത്തുന്ന എല്‍ജി ജി 5 സ്മാര്‍ട്ട്‌ഫോണ്‍ 4 ജിബി റാമുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ ഫോണിന്റെ വരവിനെക്കുറിച്ച് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും എല്‍ ജി നടത്തിയിട്ടില്ല. 32 ജിബിയുടെ മികച്ച ആന്തരിക സംഭരണ ശേഷിയുമായെത്തുന്ന ഫോണിന്റെ സ്റ്റോറേജ് മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താനാകും.

സ്‌നാപ്ഡ്രാഗണ്‍ 808 ചിപ്‌സെറ്റ് ഉള്‍പ്പെടുത്തി എല്‍ജി ജി 4, എല്‍ജി വി 10 എന്നീ മുന്‍നിര ഫോണുകള്‍ പുറത്തിറക്കിയ എല്‍ജി; ജി 5 ല്‍ ക്വാള്‍കോം 820 പ്രോസസറാകും ഉപയോഗിക്കുക. 21 എംപി പ്രധാന കാമറയും 8 എംപി സെല്‍ഫിഷൂട്ടറുമായിരിക്കും ഫോണില്‍ ഉണ്ടാവുക.

Top