തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ രഥ് യാത്ര’ നിർത്തിവെക്കണമെന്ന് കേന്ദ്രത്തിന് കത്ത്

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദിസർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാരിലെ എ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കാനൊരുങ്ങിയ കേന്ദ്രത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ‘രഥ് യാത്ര’ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഡിസംബർ അഞ്ച് വരെ യാത്ര നിർത്തിവെക്കണമെന്നാണ് ആവശ്യം.

നിയമസസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റചട്ടം ഇതിനകംതന്നെ നിലവിൽ വന്നു. പെരുമാറ്റചട്ടം നിലവിൽ വന്ന മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചുവരെ യാതൊരുവിധത്തിലുള്ള പ്രവർത്തനങ്ങളും പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തെ അറിയിച്ചു.

രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ രഥയാത്ര നടത്തി 2014 മുതലുള്ള ഭരണനേട്ടങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുകയായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ‘രഥ് പ്രഭാരി’ (സ്പെഷൽ ഓഫീസർ) ആയി നിയമിക്കാൻ കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.

എന്നാൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പ്രചാരക് ആക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നടപടിയെന്നും ഉത്തരവ് ഉടൻ റദ്ദാക്കണമെന്നും പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയിരുന്നു. ഇ.ഡി., ഐ.ടി., സി.ബി.ഐ. വകുപ്പുകൾക്കുപുറമേ മറ്റുദ്യോഗസ്ഥരെയും ഏജൻസികളെയും സ്ഥാപനങ്ങളെയും വകുപ്പുകളെയും ഔദ്യോഗിക പ്രചാരക് ആക്കുന്ന നടപടി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഖാർഗെ പറഞ്ഞു. എന്നാൽ, സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്നാണ് ബി.ജെ.പി.യുടെ വിശദീകരണം.

നവംബർ 20 മുതൽ ജനുവരി 25 വരെ‘വികസിത് ഭാരത് സങ്കല്പയാത്ര’യെന്ന പേരിൽ രഥയാത്ര നടത്തുമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. പ്രത്യേകം തയ്യാറാക്കിയ രഥത്തിലാവും യാത്ര. ഇതിനുള്ള തയ്യാറെടുപ്പ്, ആസൂത്രണം, നടത്തിപ്പ്, നിരീക്ഷണം എന്നിവയാണ് ‘രഥ് പ്രഭാരി’യുടെ ഉത്തരവാദിത്വം. നിശ്ചിത എണ്ണം ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്ന്‌ ആവശ്യപ്പെട്ട് പന്ത്രണ്ടോളം വകുപ്പുകളിൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. റവന്യൂ, പ്രത്യക്ഷനികുതി വകുപ്പുകളിൽനിന്ന് 15 ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുള്ള ഉത്തരവ് ധനമന്ത്രാലയം ഒക്ടോബർ 18-ന്‌ പുറത്തിറക്കി. രഥയാത്രയിൽ വിതരണം ചെയ്യാനായി, സർക്കാരിന്റെ നേട്ടങ്ങൾ ക്രോഡീകരിച്ചുകഴിഞ്ഞതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.

Top