പിഎൻബി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത്

കോഴിക്കോട് : പഞ്ചാബ് ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ നേതാവ് കെ സി ശോഭിതയാണ് കത്തയച്ചത്. സി ബി ഐ ഡയറക്ടർ, ആർബിഐ ഗവർണർ, പഞ്ചാബ് നാഷൺൽ ബാങ്ക് ചെയർമാൻ എന്നിവർക്കും ശോഭിത കത്തയച്ചിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി സിനീയർ മാനേജർ എം പി റിജിലിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.

അതേസമയം റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. കോഴിക്കോട് കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ റിജിൽ സീനിയർ മാനേജർ പദവി ദുരുപയോഗം ചെയ്ത് നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം റിജിലിനായി ക്രാൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

കോര്‍പ്പറേഷന്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇരുപത്തൊന്നര കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്ന് പണം തിരിമറി നടന്നെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കോര്‍പ്പറേഷന്‍റെ അക്കൗണ്ടിന് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടത്തിയതായാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പ്പറേഷന്‍റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. മൊത്തം ഇരുപത്തൊന്നര കോടിയുടെ തിരിമറിയാണ് ഈ 17 അക്കൗണ്ടുകളിലായി നടന്നത്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.

Top