നിങ്ങളുടെ അന്ത്യയാത്ര ജനുവരി 29-ന്, ഒരുങ്ങിയിരിക്കൂ! സിഎഎയെ എതിര്‍ത്തവര്‍ക്ക് ഭീഷണിക്കത്ത്

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത പ്രമുഖരെ വധിക്കുമെന്ന് ഭീഷണി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നടന്മാരായ പ്രകാശ് രാജ്, ചേതന്‍, നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമി എന്നിവരെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീഷണിക്കത്ത്. നിജഗുണാനന്ദ സ്വാമിക്കാണ് കത്ത് ലഭിച്ചിരിക്കുന്നത്.

‘സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാല്‍ ജനുവരി 29-ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കൂ’ എന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീഷണിക്കത്ത് ലഭിച്ചത്. നടന്‍ ചേതന്‍, സി.പി.എം. നേതാവ് ബൃന്ദാകാരാട്ട്, മുന്‍ ബജ്‌റംഗദള്‍ നേതാവ് മഹേന്ദ്കുമാര്‍, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുന്‍ എം എല്‍ എ. ബി.ടി. ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെ.എസ്. ഭഗവാന്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകന്‍ ദിനേശ് അമിന്‍ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖര്‍പാട്ടീല്‍, ദ്വാരക് നാഥ്, അഗ്‌നി ശ്രീധര്‍ എന്നിവരാണ് വധഭീക്ഷണി നേരിടുന്ന മറ്റു പ്രമുഖര്‍.

നടന്‍ ചേതന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയും കണ്ട് ഭീഷണിക്കത്തിന്റെ പകര്‍പ്പ് കൈമാറി. വിഷയം ഗൗരവമായി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ചേതന്‍ പറഞ്ഞു.

Top