മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്ത വി ഡി സതീശന്‍ സിപിഎമ്മില്‍ പോകുമോ?; കെ വി തോമസ്‌

തിരുവനന്തപുരം: സിപിഐഎം പാർട്ടി കോൺഗ്രസിലും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിലും പങ്കെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ വി തോമസ്. രണ്ട് പരിപാടികളോടും തനിക്ക് വ്യക്തിപരമായ എതിർപ്പില്ലാത്തതിനാലാണ് പങ്കെടുത്തതെന്ന് കെ വി തോമസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പങ്കെടുത്തതിൽ കെപിസിസി നേതൃത്വം എതിർപ്പറിയിച്ചില്ലെന്നും തനിക്ക് ഒരു നീതി പാർട്ടിയിലെ മറ്റുള്ളവർക്ക് വേറെ നീതി എന്ന രീതി ശരിയാണോ എന്നും കെ വി തോമസ് ചോദിച്ചു.

സിൽവർലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ വിട്ട് അടിച്ചമർത്തുന്ന മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു എന്ന ആരോപണമാണ് എനിക്കെതിരെ കെപിസിസി പ്രധാനമായും ഉന്നയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവിനെതിരെ അപ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് ? എന്തെങ്കിലും നടപടിക്ക് കെപിസിസി നിർദേശിച്ചിട്ടുണ്ടോ? എനിക്ക് ഒരു നീതി, മറ്റുള്ളവർക്ക് മറ്റൊരു നീതി എന്ന രീതി ശരിയാണോ? ഒരുമിച്ച് വേദി പങ്കിട്ടെന്ന് കരുതി പ്രതിപക്ഷ നേതാവ് എൽഡിഎഫിലേക്ക് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? സെമിനാറിൽ പങ്കെടുക്കുമെന്ന കാര്യം കൃത്യമായി എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്നലെ എഐസിസി നേതൃത്വത്തിന് കത്തും അയച്ചിട്ടുണ്ട്. കെ വി തോമസ് പറഞ്ഞു.

 

Top