മോദിക്ക് 49 പേര്‍ നല്‍കിയ കത്തിനെ വിമര്‍ശിച്ച് കങ്കണ അടക്കമുള്ള 60 പേരുടെ കത്ത്

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ചലച്ചിത്ര മേഖലയിലെ 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിനെ വിമര്‍ശിച്ച് 60 ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്. നടി കങ്കണ റണാവത്ത്, സെന്‍സര്‍ ബോര്‍ഡ് മേധാവി പ്രസൂണ്‍ ജോഷി, സംവിധായകരായ മധൂര്‍ ഭണ്ഡാര്‍ക്കര്‍, വിവേക് അഗ്‌നിഹോത്രി എന്നിവരടക്കമുള്ളവരാണ് കത്ത് നല്‍കിയവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇവര്‍ അയച്ച കത്ത് രാഷ്ട്രീയ താല്‍പര്യം ഉള്ളതും, മോദിയുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കുന്നതുമാണെന്നാണ് പുതുതായി രംഗത്തെത്തിയവര്‍ പറയുന്നത്. നക്‌സല്‍ ആക്രമണങ്ങളില്‍ ആദിവാസികളും ദുരിതമനുഭവിക്കുന്നവരും കൊല്ലപ്പെടുമ്പോഴും കശ്മീരില്‍ വിഘടനവാദികള്‍ സ്‌കൂളുകള്‍ കത്തിക്കുമ്പോഴുമെല്ലാം ഇവര്‍ നിശബ്ദരാണെന്നും കങ്കണ അടക്കമുള്ളവര്‍ പറയുന്നു.

ജയ് ശ്രീരാം എന്നത് കൊലവിളിയായി മാറിയെന്ന് ചൂണ്ടിക്കട്ടിയാണ് ചലച്ചിത്ര മേഖലയിലെ പ്രമുഖരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രേവതി, ശ്യാം ബെനഗല്‍, ശുഭ മുദ്‌ഗൈ, രൂപം ഇസ് ലാം, അനുപം റോയ്, ഋദി സെന്‍ അടക്കമുള്ളവര്‍ മോദിക്ക് തുറന്ന കത്തെഴുതിയത്.

രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതുണ്ടെന്നും 23ന് അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുസ് ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. 2016ല്‍ ദലിതുകള്‍ക്ക് നേരെ മാത്രം 840 അതിക്രമങ്ങള്‍ ഉണ്ടായെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ചില ആക്രമണങ്ങളെ കുറിച്ച് താങ്കള്‍ പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. അക്രമികള്‍ക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ സ്വീകരിച്ചതെന്നും കത്തില്‍ ചോദിച്ചിരുന്നു.

Top