‘കണക്കുകൾ ശബ്ദിക്കട്ടെ ,നുണ ബോംബുകൾ തകരട്ടെ’; മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബിജെപി വലിയ മേധാവിത്യം നേടിയെന്ന സംഘടിത പ്രചരണങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി തന്റെ പ്രതികരണം അറിയിച്ചത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ലഭിച്ച ഒരു വോട്ട് ദേശിയ തലത്തിൽ ചർച്ചാവിഷയം ആയിരുന്നു. 140 വോട്ടും യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കുമെന്ന് കരുതിയ കേരളത്തില്‍ നിന്ന് ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചത് 139 വോട്ടിൻ്റെ മൂല്യമാണെന്നാണ് ബി.ജെ.പി പ്രതികരിച്ചിരിക്കുന്നത്. കാവി രാഷ്ട്രിയത്തിനെതിരായ കേരളത്തിൻ്റെ പൊതുവികാരത്തിനേറ്റ പ്രഹരം തന്നെയായിരുന്നു ഈ വോട്ട് ചോർച്ച.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നുവെന്നും ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തവണത്തെ പ്രതിപക്ഷ സ്ഥാനാർത്ഥി ശ്രീ യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണെന്നും മന്ത്രി ചൂണ്ടികാട്ടി. കണക്കുകൾ ശബ്ദിക്കട്ടെ, നുണ ബോംബുകൾ തകരട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Top