‘സ്നേഹദീപ മിഴികൾ തുറക്കട്ടെ..!’ മാനവ നന്മയും, ലോക ശാന്തിയും, തിരിച്ചറിവുകളും തേടി

രിക്കൽ സർവ്വശക്തനായ ദൈവം ഭൂമിയെ സൃഷ്ടിക്കുകയുണ്ടായി. ഭൂമിയോടൊപ്പം മരങ്ങളെയും, പൂക്കളെയും, നാനാജാതി ജീവജാലങ്ങളേയും സൃഷ്ടിച്ചു. അതുവരെ താൻ സൃഷ്ടിച്ചവക്കെല്ലാം തന്റെ അംശം ഉണ്ടെങ്കിലും തന്നോളം പോന്നവയായ് ദൈവത്തിന് തോന്നിയില്ല. മറിച്ച് തനിക്ക് പകരം, അല്ലെങ്കിൽ താൻ തന്നെ ആകുന്ന ഒന്ന് വേണം എന്ന് ചിന്തിച്ചു. ഒടുവിൽ ദൈവം ഭൂമിയിലെ തന്റെ ഏറ്റവും വലിയ സൃഷ്ടിക്ക് പിറവി കൊടുത്തു.

‘മനുഷ്യൻ’ ജീവനൊപ്പം ശരീരവും, മനസ്സും, വിവേകവും, വിചാരവും, ബോധവും, അബോധവും, നന്മയും, തിന്മയും തുടങ്ങി തനിക്കുള്ളതെല്ലാം മനുഷ്യന് പകർന്നു നൽകി. ഒപ്പം ദൈവം പറഞ്ഞു ‘ഞാൻ നീയാകുന്നു’. സൃഷ്ടാവിൽ നിന്നും തനിക്ക് ദാനമായി ലഭിച്ചവയെല്ലാം മനുഷ്യൻ ചേർത്തുപിടിച്ചു. എന്നാൽ ഒരുനാൾ തന്റെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ദുഷ്ടതയുടെ ശക്തിയെ മനുഷ്യൻ പുറത്തെടുത്തു. ദാനമായി പകർന്നു കിട്ടിയ മനസ്സിലൂടെ അവൻ ചിന്തിച്ചെടുത്തു.. സൃഷ്ടാവിനോളം ബലവാനായ താൻ ഇവിടെ ഉള്ളപ്പോൾ അധിപനാകേണ്ടത് താൻ തന്നെയല്ലേ..? അതിനു മുന്നിൽ തടസ്സമായി എന്തിന് ദൈവം നിലകൊള്ളണം? താൻ തന്നെ ബലവാൻ, താൻ തന്നെ സർവ്വതിനും ഉടയവനാകാൻ പോകുന്നവൻ!!. മനുഷ്യന്റെ ഈ ചിന്ത സർവ്വേശ്വനിൽ വേദനയുണ്ടാക്കി..

താൻ മനസ്സിൽ കരുതിയിരുന്നത് പോലെ തന്നെ സംഭവിക്കാൻ പോകുന്നു !! അതെ മനുഷ്യൻ ദൈവത്തെ നിഗ്രഹിക്കുവാൻ ഒരുങ്ങിയിരിക്കുന്നു ! സ്നേഹവാനായ ദൈവം തന്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയുടെ ചതിക്കു മുന്നിൽ കീഴടങ്ങി..! മനുഷ്യൻ ദൈവത്തെ വധിച്ചിരിക്കുന്നു.

പിന്നീടങ്ങോട്ട് അന്നു മുതൽ ഇന്നു വരെ മനുഷ്യകുലത്തിന് വാഴ്ച്ചയാണ്. രണ്ടു തട്ടുകളിലായി അവർ തിരിഞ്ഞു, നന്മയുടെയും തിന്മയുടെയും വിഭാഗങ്ങൾ. ഒരു കൂട്ടർ കണ്ടുപിടിത്തങ്ങൾ നടത്തി തലമുറകളെ സൃഷ്ടിച്ചു, സർവ്വതും വെട്ടിപ്പിടിച്ചു, കൂടാതെ തങ്ങളുടെ സൃഷ്ടാവായ സർവ്വേശ്വരന്റെ മറപിടിച്ച് ആൾദൈവങ്ങൾ ചമഞ്ഞു!!

മറ്റൊരു കൂട്ടർ കലാപങ്ങളും യുദ്ധങ്ങളും സൃഷ്ടിച്ചു, മനുഷ്യനെ തമ്മിലടിപ്പിച്ചു, ഒരു കൂട്ടർ ആകട്ടെ ദൈവാംശമായ സ്നേഹത്തിലൂടെ, കരുതലിലൂടെ സഹജീവികളുടെ വേദനകളും യാതനകളും തൊട്ടറിഞ്ഞ് പരസ്പരം സ്നേഹിച്ച്, സഹായിച്ച് മുന്നോട്ടു നീങ്ങി.. ഒപ്പം പ്രകൃതിയോടും, ജീവജാലങ്ങളോടുമെല്ലാം ദ്രോഹം ചെയ്ത് എല്ലാം എന്റതെന്ന് പറഞ്ഞ് സർവ്വതും വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ ഓട്ടം തുടർന്നുകൊണ്ടേയിരിക്കുന്നു.

ഓരോ ദുരന്തമുഖങ്ങളാകുന്ന പാതയിലൂടെ സ്വയം തിരിച്ചറിയാതെയുള്ള യാത്ര, അതാണ് മനുഷ്യൻ. താൻ ദ്രോഹിച്ച ഈ ഭൂമിയിലെ ജീവനുള്ളവയുടെയും, ഇല്ലാത്തവയുടെയും, വേദനയോടെ ഒടുങ്ങി തീർന്ന ആത്മാക്കളുടെയും ഭൂമിയാകുന്ന മാതാവിന്റെയുമെല്ലാം ശാപമാണ് ഓരോ ദുരന്തങ്ങളും. അവയെല്ലാം അറിഞ്ഞും അറിയാതെയും മനുഷ്യനാൽ ഉടലെടുക്കുന്നതുമാണ്.
കാലത്തിനു മുൻപേ സഞ്ചരിച്ച മഹാകവി വയലാർ ഒരിക്കൽ എഴുതി..

”ഹിന്ദുവായി..മുസല്‍മാനായി,
ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി.

സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ – നമ്മുടെ
രക്തബന്ധങ്ങളെവിടെ,
നിത്യസ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ മനുഷ്യൻ തെരുവില്‍ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു”.

ലോകം കാക്കുന്ന ശക്തി കാണിച്ചു തരുന്ന തിരിച്ചറിവുകളാണ് മുന്നിൽ സംഭവിക്കുന്ന മഹാമാരികളും ദുരന്തങ്ങളുമെല്ലാമെന്ന് മനസ്സിലാക്കാതെ പോകരുത്. യുഗയുഗാന്തരങ്ങളായി നമ്മുടെ പൂർവികരടങ്ങുന്ന മനുഷ്യർ ഇവിടെ ജീവിച്ചു പോന്നിരുന്നു.. അന്നെല്ലാം എവിടെയോ നന്മകൾ ഉണ്ടായിരുന്നു.. ദുഷ്പ്രവൃത്തികൾ കുറഞ്ഞിരുന്നു. ഇന്നത്തെ നാം അടങ്ങുന്ന മനുഷ്യൻ മുന്നേറ്റങ്ങൾ നടത്തുന്നതോടൊപ്പം നഷടമാക്കുന്നതും അതെല്ലാം തന്നെയാണ്. ഇന്ന് നാടിന്റെ, ഗ്രാമത്തിന്റെ നന്മയുണ്ടോ? നല്ലൊരു അന്തരീക്ഷമുണ്ടോ? ഇല്ല..! നമുക്കുണ്ടായിരുന്നുവയെല്ലാം നാം തന്നെ ഇല്ലാതാക്കുന്നു.

ജാതിയുടെയും, മതത്തിന്റെയും,വർണ്ണത്തിന്റെയും, പണത്തിന്റെയുമെല്ലാം മീതെയുള്ള യുദ്ധത്തിൽ അതെല്ലാം നാം നഷ്ടപ്പെടുത്തുന്നു. ഇനിയും വൈകിയിട്ടില്ല എന്നല്ല!!! മറിച്ച് ഇനിയുള്ള കാലമെങ്കിലും അതുപോലെ ആകാതെയായിരിക്കാൻ ശ്രമിക്കാം..!

ഒന്നുകിൽ ഒരു മഹാ അന്ത്യത്തോട് അടുക്കുന്നതിന്റെ ആളിക്കത്തലുകൾ.. അതല്ലെങ്കിൽ എന്നോ ലോകത്തിന് നഷ്ടമായ നന്മയുടെ നാളം വീണ്ടും തെളിയുവാൻ ഒരുങ്ങുന്നതന്റെ തുടക്കം..!! ലോകം മുഴുവൻ പ്രകാശം പരത്തുന്ന ആ വെളിച്ചത്തിന്റെതു തന്നെയാകട്ടെ വരാനിരിക്കുന്ന നാളുകൾ എന്ന് പ്രത്യാശിക്കാം.. ലോകത്തിനായി നമുക്ക് പ്രാർഥിക്കാം..ഒപ്പം അതുല്യനായ ഭാസ്കരൻ മാസ്റ്ററിന്റെ വരികൾ കടമെടുത്തുകൊണ്ട് നിർത്തട്ടെ..

‘ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കു!!
കദനനിവാരണ കനിവിന്നുറവേ,കാട്ടിൻ നടുവിൽ വഴി തെളിക്കൂ’.

Top