അഭയം വേണ്ടത് വീടില്ലാത്തവർക്കാണ്. താൻ ഇപ്പോഴും കോൺഗ്രസ് വീട്ടിൽ തന്നെ: കെ വി തോമസ്

കൊച്ചി: താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും കോൺഗ്രസ് വീട്ടിൽ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂൾ തന്നാലും കുഴപ്പമില്ലെന്നും കെ.വി.തോമസ് പറഞ്ഞു.

കോൺഗ്രസിലെ സ്ഥാനങ്ങൾ മാറ്റുന്നത് സംബന്ധിച്ച് ഒദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമ വാർത്തകൾ മാത്രമാണ് മുന്നിലുള്ളത്. അതിന് മറുപടി പറയാനാവില്ല. ആകാശം ഇടിഞ്ഞ് വീഴുന്നതിന് ഇപ്പൊഴെ മുട്ട് കൊടുക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ മഹത്വം. പക്ഷെ തീരുമാനം എടുക്കേണ്ടത് താനല്ലേ. രാഷ്ട്രീയ അഭയം വേണ്ടത് വീടില്ലാത്തവർക്കാണ്. താൻ ഇപ്പോഴും കോൺഗ്രസ് വീട്ടിൽ തന്നെയാണുള്ളത്. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ ഉചിതമായ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമോ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകൻ എങ്ങനെ പ്രതികരിക്കുമോ ആ രീതിയിൽ പ്രതികരിക്കും.

താൻ ജനിച്ചു വളർന്ന പ്രദേശമാണ് തൃക്കാക്കര. തന്റെ ചെറുപ്പകാലത്ത് കശുവണ്ടി പറുക്കാൻ പോയ സ്ഥലമാണ് ഇന്നത്തെ കളക്ട്രേറ്റ്. എന്റെ അമ്മേടെ അമ്മയുടെ വീടാണ് അത്. അവിടുള്ള എല്ലാവരേയും എനിക്കറിയാം. താൻ പഠിപ്പിച്ച വിദ്യാർത്ഥികളുണ്ട്. എന്നെ പഠിപ്പിച്ച അധ്യാപകരുണ്ട് ഇപ്പോഴും അവിടെ. ഉറ്റ ബന്ധുക്കളുണ്ട് സുഹൃത്തുക്കളുണ്ട്. താൻ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുള്ള ആളല്ലേ, ആ സമയത്ത് അതിന് ഉചിതമായ ഒരു തീരുമാനമെടുത്ത് അതനുസരിച്ച് പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് വരട്ടെ നോക്കാം അപ്പോൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണോ നടപടി ലഘൂകരിച്ചതെന്ന ചോദ്യത്തിന് അത് മാധ്യമങ്ങൾക്ക് വിശകലനം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ പാർട്ടി പ്രത്യേക ദൗത്യം ഏൽപ്പിച്ച പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് പ്രത്യേക ദൗത്യങ്ങളൊന്നും നിലവിലെന്നും തെരഞ്ഞെടുപ്പ് വരട്ടെ നോക്കാമെന്നും കെ.വി.തോമസ് പറഞ്ഞു.

Top