Lessons learned from one year of AAP in Delhi

ന്യൂഡല്‍ഹി: ഒരു കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ മനസുണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്.

വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചാണ് സാക്ഷാല്‍ മോദിയുടെ തട്ടകത്തില്‍ ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

വെള്ളം, വൈദ്യുതി, ആരോഗ്യം,വിദ്യാഭ്യാസം, തുടങ്ങിയ അടിസ്ഥാന മേഖല കേന്ദ്രീകരിച്ച് മുന്നോട്ട് പോയ ആംആദ്മി സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 20000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കുമെന്ന വാഗ്ദാനം അധികാരമേറ്റ ഉടനെ തന്നെ നടപ്പാക്കിയിരുന്നു.

പ്രതിമാസം 400 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്കും പകുതിയാക്കി രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രകടനപത്രികയിലെ ആംആദ്മി പാര്‍ട്ടിയുടെ ഈ വാഗ്ദാനം രാഷ്ട്രീയ തട്ടിപ്പാണെന്നും നടപ്പാക്കാന്‍ കഴിയാത്തവയാണെന്നുമായിരുന്നു ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും പരിഹാസം.

എന്നാല്‍ ശക്തവും യുക്തിപരവുമായ നീക്കത്തിലൂടെ കെജ്‌രിവാള്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി രാഷ്ട്രീയ എതിരാളികളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീശിയടിച്ച മോദിതരംഗത്തില്‍ ആംആദ്മി പാര്‍ട്ടിക്കും ഡല്‍ഹിയില്‍ അടിതെറ്റിയിരുന്നു. എന്നാല്‍ മുഖ്യധാരാ പാര്‍ട്ടികളെയെല്ലാം അമ്പരപ്പിച്ചുകൊണ്ടാണ് 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ വന്‍ തിരിച്ചുവരവ് നടത്തിയത്.

മോദി ഭരണത്തില്‍ ബിജെപി ആദ്യം നേരിടുന്ന പരാജയവും ഡല്‍ഹിയിലായിരുന്നു.70ല്‍ 67 സീറ്റുകള്‍ ആപ് നേടിയപ്പോള്‍ മൂന്നുസീറ്റുകളിലേക്ക് കേന്ദ്രം ഭരിക്കുന്ന കക്ഷി ഒതുങ്ങി. കോണ്‍ഗ്രസും അവിടെ തകര്‍ന്ന് തരിപ്പണമായി.

കേന്ദ്രവുമായുള്ള ഏറ്റുമുട്ടലോടെയായിരുന്നു രണ്ടാം ആപ് സര്‍ക്കാരിന്റെ തുടക്കം. പൂര്‍ണ്ണ സംസ്ഥാന പദവി, പൊലീസിന്റെ അധികാരം,ഉദ്യോഗസ്ഥനിയമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി രാജ്യത്ത് ആദ്യമായി വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നിയന്ത്രണം കൊണ്ടുവന്നത് ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാനായതും ഡല്‍ഹി സര്‍ക്കാരിന്റെ നേട്ടമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഏറ്റവും അനുയോജ്യനായ നേതാവായി ഇതിനകം തന്നെ കെജ്‌രിവാള്‍ മാറി കഴിഞ്ഞിട്ടുണ്ട്.

അഴിമതിരഹിത പ്രതിച്ഛായയും ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയുന്നവരുമായ നേതാക്കളുടെ കൂട്ടായ്മ ആഗ്രഹിക്കുന്ന കെജ്‌രിവാള്‍, രാജ്യത്തെ ഒരൊറ്റ നേതാവിനെ മാത്രമേ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുള്ളു. അത് സാക്ഷാല്‍ വിഎസിനെ മാത്രമാണെന്നതാണ് ആശ്ചര്യകരം.

കെജ്‌രിവാളിന്റെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന പ്രശാന്ത് ഭൂഷണ്‍ സിപിഎം വിഭാഗീയത കത്തിപ്പടര്‍ന്ന സമയത്ത് വിഎസിനെ സന്ദര്‍ശിച്ചതും ക്ഷണിച്ചതും കെജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

ഇപ്പോള്‍ പുറത്തായ പ്രശാന്ത് ഭൂഷണ് മുന്നില്‍ കൊട്ടിയടക്കപ്പെട്ട വാതില്‍ വിഎസിന് മുന്നില്‍ മാത്രം പക്ഷേ തുറന്നിട്ടിരിക്കുകയാണ് കെജ്‌രിവാള്‍.

കമ്മ്യൂണിസ്റ്റായി ജീവിച്ച് കമ്മ്യൂണിസ്റ്റായി മരിക്കാനാഗ്രഹിക്കുന്ന വിഎസ് തന്റെ പാര്‍ട്ടിയിലേക്കെന്നല്ല, ഒരു പാര്‍ട്ടിയിലേക്കും സിപിഎം വിട്ട് പോവില്ലെന്ന് ഇതിനകം തന്നെ മനസിലാക്കിയ കെജ്‌രിവാള്‍ ഇടതുപക്ഷ മതനിരപേക്ഷ പ്ലാറ്റ്‌ഫോമില്‍ വിഎസ് അടക്കമുള്ള ഇടതുനേതാക്കളുമായി സഹകരിക്കാനുള്ള ഒരുക്കത്തിലാണ്.

ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടത്തിന് വിഎസ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അടക്കമുള്ള അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന നിഗമനത്തിലാണ് കെജ്‌രിവാള്‍. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ ക്ലീന്‍ ഇമേജ്കാരായ പൊതുപ്രവര്‍ത്തകരുടെ ഒരു ലിസ്റ്റ് തന്നെ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി വരുന്നതായാണ് റിപ്പോര്‍ട്ട്.

Top