സ്വവര്‍ഗ്ഗ ദമ്പതികളുടെ വീഡിയോ നീക്കം ചെയ്ത് ടിക് ടോക്; പ്രതിഷേധവുമായി ഇരുവരും

വാഷിങ്ടൺ: ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ സ്വവര്‍ഗ്ഗ ദമ്പതികളായ സുന്ദസ് മാലിക്കും അഞ്ജലി ചക്രയും. നേരത്തെ അതിമനോഹരമായ വെഡ്ഡിങ് ഫോട്ടോഷൂട്ടിലൂടെ ഇരുവരും സാമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. പാകിസ്ഥാനില്‍നിന്നുള്ള മുസ്ലീം ആര്‍ട്ടിസ്റ്റാണ് സുന്ദസ്, അഞ്ജലി ചക്ര ഇന്ത്യന്‍ വംശജയുമാണ്.

ഇരുവരും അഭിനയിച്ച ഒരു വീഡിയോ നേരത്തെ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ആപ്പിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ടിക് ടോക് വീഡിയോ നീക്കം ചെയ്യുകയായിരുന്നു. ഇതിനെതിരായാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്. ട്വറ്ററിലൂടെയാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്.

”മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ടിക് ടോക് ഈ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. സ്വവര്‍ഗ്ഗരതിയോടുള്ള പേടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് ശരിയാണ്”- അഞ്ജലി ട്വീറ്റ് ചെയ്തു. വീഡിയോ നീക്കം ചെയ്തതിനെക്കുറിച്ച് ടിക് ടോക്കിന് വിശദീകരിക്കണമോ? എന്നും അഞ്ജലി ട്വീറ്റിലൂടെ ചോദിച്ചു.

സുന്ദസും അഞ്ജലിയും പൈജാമയും പരമ്പരാഗത ഡിസൈനിലുള്ള ലഹങ്കയും ധരിച്ച നൃത്തം ചെയ്യുന്ന വീഡിയോ ആയിരുന്നു നേരത്തെ ഇവർ പോസ്റ്റ് ചെയ്തത്.

Top