എലിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രിക്ക് മുഖ്യന്റെ നിര്‍ദേശം

തിരുവനന്തപുരം: പ്രളയത്തിനുശേഷം സംസ്ഥാനത്ത് ദുരിതം വിതയ്ക്കുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. മന്ത്രി കെ.കെ. ശൈലജയുമായി ഫോണില്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്നും, ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നെന്ന് ഉറപ്പുവരുത്തണം. ദൈനംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാത്രമല്ല, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ബോധവത്കരണ പരിപാടികള്‍ ശക്തമാക്കുന്നതിനൊപ്പം മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളും ജാഗ്രതയോടെ നടത്തണം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം പോലെ ഒത്തൊരുമയോടെ കേരളീയരാകെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എലിപ്പനിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ദൈദംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണമെന്നും ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും നിര്‍ദ്ദേശിച്ചു. മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top