ചെന്നായപാറയിൽ വീണ്ടും പുലിയിറങ്ങി ; ഭീതിയിൽ നാട്ടുകാർ

കോട്ടയം: മുണ്ടക്കയം ചെന്നാപ്പാറയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയിറങ്ങി. വീടിന് സമീപമെത്തി പുലി വളർത്ത് നായയെ ആക്രമിച്ചു. പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറയിലാണ് വീണ്ടും പുലിയിറങ്ങിയത്. ചെന്നാപ്പാറയിൽ താമസിക്കുന്ന റെജിയുടെ വീട്ട് വരാന്തായിലാണ് രാത്രി പുലിയെ കണ്ടത്. നായ കുരയ്ക്കുന്നത് കേട്ട് ലൈറ്റിട്ട് നോക്കിയപ്പോൾ പുലി ഓടി മറയുന്നത് വീട്ടുകാർ കണ്ടു. പുലിയുടെ ആക്രമണത്തിൽ വളർത്ത് നായ്ക്ക് പരിക്കേറ്റു.

പ്രദേശത്ത് പുലി ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുലിയുടെ ആക്രമണത്തിൽ നിന്ന് എസ്റ്റേറ്റിലെ ജീവനക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പ്രദേശത്തെ പശു, നായ അടക്കമുള്ള നിരവധി വളർത്തുമൃഗങ്ങളെയും പുലിടെ ആക്രമിച്ചു. കാട്ടാനയുടെയും പെരുമ്പാമ്പിന്‍റെയുമെല്ലാം ഉപദ്രവങ്ങൾക്ക് പുറമേയാണിപ്പോൾ പ്രദേശത്ത് പുലി ശല്യം.

Top