Leonardo DiCaprio Wins Best Actor At The 2016 Golden

കാലിഫോര്‍ണിയ: 73ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അലെജാന്ദ്രോ ഇനാരിറ്റു സംവിധാനം ചെയ്ത ദ റെനവന്റാണ് മികച്ച ചിത്രം. ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി.

ദ റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രീ ലാര്‍സണ്‍ മികച്ച നടിയായി മികച്ച സഹനടനും സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടത് സില്‍വസ്റ്റര്‍ സ്റ്റാലനും കേറ്റ് വിന്‍സ്ലെറ്റുമാണ്.

കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹില്‍സിനാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. മോഷന്‍ പിക്ചര്‍ മ്യൂസിക് കോമഡി വിഭാഗത്തില്‍ മാറ്റ് ഡാമന്‍ മികച്ച മടനും ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയ്ക്കുമുള്ള പുരസ്‌കാരം നേടി.

റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത മാര്‍ഷ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മാറ്റ് ഡാമന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജോയ് എന്ന ചിത്രത്തിലൂടെയാണ് ജെന്നിഫര്‍ ലോറന്‍സ് പുരസ്‌കാരം നേടിയത്.

ചൊവ്വയിലെത്തുന്ന ബഹിരാകാശ പര്യവേഷകന്റെ കഥയാണ് മാര്‍ഷ്യന്‍ പറഞ്ഞത്. അല്‍ പാച്ചിനോ, മാര്‍ക്ക് റുഫാലോ, ക്രിസ്റ്റ്യന്‍ ബല്ലെ, സ്റ്റീവ് കാരല്‍ എന്നീ നടന്മാരെ പിന്തള്ളിയാണ് മാറ്റ് ഡാമന്‍ മികച്ച നടനായത്.

ക്രീഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സില്‍വസ്റ്റര്‍ സ്റ്റാലന്‍ പുരസ്‌കാരം നേടിയത്. സ്റ്റീവ് ജോബ്‌സ് എന്ന ചിത്രത്തിന് കേറ്റ് വിന്‍സ്ലെറ്റും. ആപ്പിള്‍ കമ്പനി സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഉപദേശകയും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുമായ ജോവാന്ന ഹോഫ്മാന്റെ വേഷമാണ് കേറ്റ് വിന്‍സ്ലെറ്റ് ചെയ്തത്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ചിത്രത്തിലൂടെ ആരോണ്‍ സോര്‍കിന്‍ നേടി. എന്നിയോ മോറികോണ്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. ഹേറ്റ്ഫുള്‍ ഐറ്റ് ചിത്രത്തിനാണ് പുരസ്‌കാരം.

Top