leonardo dicaprio named brand ambassador for chinas byd new energy vehicles

ചൈനീസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ബി വൈ ഡിയുടെ ബ്രാന്‍ഡ് അംബാസഡറായി ലിയനാഡൊ ഡികാപ്രിയോ രംഗത്ത്. ഐക്യരാഷ്ട്ര സഭ സമാധാന ദൂതനും ഓസ്‌കര്‍ അവാര്‍ഡ് ജേതാവുമാണു ഹോളിവുഡ് നടനായ ഡികാപ്രിയോ.

ആഗോളതലത്തില്‍തന്നെ ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയെന്നാണ് ബി വൈ ഡിയുടെ അവകാശവാദം. 2015ല്‍ ലോക വിപണിയില്‍ വിറ്റതില്‍ 11 ശതമാനവും കമ്പനിയുടെ മോഡലുകളായിരുന്നത്രെ.

പരിസ്ഥിതി സംരക്ഷണത്തിനായി ലിയനാഡൊ ഡികാപ്രിയോ കാണിക്കുന്ന താല്‍പര്യവും പ്രതിപത്തിയും ലോകത്തിനു തന്നെ പ്രചോദനമായിട്ടുണ്ടെന്നു ബി വൈ ഡി ജനറല്‍ മാനേജര്‍ (ബ്രാന്‍ഡ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്) ഷെറി ലീ അഭിപ്രായപ്പെട്ടു.

നൂതന ഊര്‍ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തുന്ന പുതിയ വാഹനങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമൊക്കെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഡികാപ്രിയോയുമായി സഹകരിക്കാന്‍ അവസരം ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമിയിലെ എല്ലാ നിവാസികളുടെയും ആരോഗ്യവും സൗഖ്യവും ലക്ഷ്യമിട്ട് ഡികാപ്രിയോ 1998ല്‍ പരിസ്ഥിതി സംഘടനയായ ഡികാപ്രിയോ ഫൗണ്ടേഷന്‍ രൂപീകരിച്ചിരുന്നു.

പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന കാറുകള്‍ക്ക് കാര്യക്ഷമത കുറവാണെന്ന യാഥാര്‍ഥ്യം ലോകമങ്ങുമുള്ള ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഒപ്പം ഇത്തരം വാഹനങ്ങള്‍ ഭൂമിക്കു തന്നെ വന്‍ ഭീഷണിയാണെന്നും ഡികാപ്രിയോ കരുതുന്നു.

ചൈനയിലെ നിരത്തുകളില്‍ മലിനീകരണ വിമുക്തമായ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കാനുള്ള ഉദ്യമങ്ങളില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബി വൈ ഡി വികസിപ്പിക്കുന്ന പുത്തന്‍ വാഹനങ്ങളുടെ പ്രചാരകനായി 2017 മുഴുവന്‍ ഡികാപ്രിയോ രംഗത്തുണ്ടാവും. ഇക്കൊല്ലം ആദ്യ പകുതിയില്‍ ചൈനയിലെ വില്‍പ്പനയില്‍ 130% വളര്‍ച്ചയാണു ബി വൈ ഡി കൈവരിച്ചത്.

ചൈനീസ് പ്ലഗ് ഇന്‍ വെഹിക്കിള്‍ വിപണിയില്‍ 65% വിഹിതമാണു കമ്പനി അവകാശപ്പെടുന്നത്.

Top