ലിയോക്ക് വീണ്ടും തിരിച്ചടി; ആദ്യ ഷോ 9 മണി മുതല്‍ ആയിരിക്കും

മിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ 9 മണി മുതല്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് വാര്‍ത്താവിതരണ മന്ത്രി എം പി സ്വാമിനാഥന്‍. നേരത്തെ ലിയോ സിനിമയ്ക്ക് നിര്‍മാതാക്കളുടെ അഭ്യര്‍ഥന അംഗീകരിച്ച് ആദ്യ ആഴ്ച അഞ്ച് സ്പെഷ്യല്‍ ഷോകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറത്തിറങ്ങിയിരുന്നെങ്കിലും സമയം സംബന്ധിച്ച കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നില്ല.

എന്നാല്‍ അനുമതി ലഭിച്ചതിനു പിന്നാലെ തമിഴ്നാട്ടിലെ വിവിധ തീയേറ്ററുകളില്‍ നാലു മണിക്ക് തന്നെ ഷോ നടത്താനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് പഴയ ഉത്തരവ് പിന്‍വലിച്ച് സമയത്തിന്റെ കാര്യത്തില്‍ മന്ത്രി വ്യക്തത വരുത്തിയത്. പ്രത്യേക അനുമതിയുടെ പുറത്ത് ആദ്യ ആഴ്ച ലിയോയുടെ അഞ്ച് ഷോകള്‍ ഒരു ദിവസം നടത്താം. രാവിലെ 9 മണിക്ക് ഷോ ആരംഭിക്കുകയും രാത്രി 1.30 നുള്ളില്‍ അവസാനിക്കുകയും ചെയ്യുന്ന തരത്തില്‍ വേണം അഞ്ച് ഷോകള്‍ സംഘടിപ്പിക്കാനെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട്ടില്‍ ഏത് സിനിമയുടെയും ആദ്യ ഷോ 9 മണിക്ക് മാത്രമായിരിക്കുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. നേരത്തെ വിക്രം സിനിമയ്ക്ക് തമിഴ്നാട്ടില്‍ ഇളവ് നല്‍കിയിരുന്നെന്നും സമാനമായ ഇളവാണ് ഇപ്പോള്‍ ലിയോയ്ക്ക് നല്‍കിയതെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി. വിജയ് യുടെ കരിയറിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ലിയോ എത്തുന്നത്. വിജയ് യും ലോകേഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ. ആദ്യ ചിത്രമായ മാസ്റ്റര്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും വാണിജ്യപരമായി വിജയം നേടിയിരുന്നു. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയിനോടൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.

ആദ്യമായി ആയിരത്തിലേറെ തീയറ്ററുകളില്‍ യുഎസില്‍ റിലീസ് ചെയ്യുന്ന ചിത്രമായി മാറിയിരുന്നു ലിയോ. അതിന് പുറമേ 2023 ല്‍ യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഏറ്റവും കൂടുതല്‍ തുക നേടുന്ന ഇന്ത്യന്‍ ചിത്രം എന്ന നേട്ടവും ലിയോ നേടിയിരുന്നു. ജവാന്‍, പഠാന്‍ സിനിമകളെ പിന്നിലാക്കിയാണ് വിജയ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്.

Top