ശരവേഗത്തില്‍ കോടികള്‍ വാരിയ ആദ്യ സിനിമയായി ലിയോ, നെഗറ്റീവ് പ്രചരണങ്ങളെ അതിജീവിച്ച് അത്ഭുത നേട്ടം

രു സിനിമയെ തകര്‍ക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ, അതൊക്കെ ശത്രുക്കള്‍ ചെയ്തിട്ടും, എതിരാളികളെ മലര്‍ത്തിയടിച്ചാണ് സൂപ്പര്‍ താരം ദളപതി വിജയ് യുടെ ലിയോ സിനിമ കുതിക്കുന്നത്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ… തമിഴകത്തെ പ്രമുഖ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയാണ് വിജയ് ചിത്രത്തെ തകര്‍ക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ലിയോയുടെ ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചും, തെറ്റായ റിവ്യൂകള്‍ നടത്തിയും,ശത്രുക്കള്‍ അഴിഞ്ഞാടുകയാണ് ചെയ്തത്. ഈ കുപ്രചരണങ്ങളെ അതിജീവിച്ച്, ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ്, ലിയോ ഇപ്പോള്‍ കുതിക്കുന്നത്.

ലോകേഷ് കനകരാജ് എന്ന സംവിധായകന്റെയോ, അനിരുദ്ധ് എന്ന സംഗീത സംവിധായകന്റെയോ കഴിവ് എന്നതില്‍ ഉപരി, വിജയ് എന്ന സൂപ്പര്‍താരത്തിന്റെ കരുത്താണ് ലിയോക്ക് ഇത്ര വലിയ വിജയം സാധ്യമാക്കിയിരിക്കുന്നത്. ലോകേഷിനും അനിരുദ്ധിനും, തങ്ങളുടെ മറ്റു സിനിമകളിലെ പ്രകടനത്തോട് ഒപ്പമെത്തുന്ന പ്രകടനം, ഈ സിനിമയില്‍ കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും, ദളപതി ചരിത്രം സൃഷ്ടിക്കുന്നുവെങ്കില്‍, അതിന്റെ ക്രെഡിറ്റ് ദളപതിക്ക് മാത്രം അവകാശപ്പെട്ടതാണ്. സിനിമയെ ‘കൊല്ലാന്‍ വന്നവരെ തരിപ്പണമാക്കിയുള്ള , ഈ തേരോട്ടം കണ്ട് , ഇന്ത്യന്‍ സിനിമാ മേഖല ആകെ തരിച്ചിരിക്കുകയാണ്.

ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ലിയനാര്‍ഡോ ഡികാപ്രിയോയുടെ ഹോളിവുഡ് ചിത്രമായ,’കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ’ ലിയോ പിന്നിലാക്കി എന്നു പറഞ്ഞാല്‍, വിജയ്‌യുടെ എതിരാളികള്‍ക്ക് പോലും ബോധക്ഷയം വരും. പ്രമുഖ അമേരിക്കന്‍ മാഗസീനായ, വെറൈറ്റി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, ഈ ചിത്രങ്ങള്‍ റിലീസ് ചെയ്ത വാരാന്ത്യത്തില്‍, ലിയോ 48.5 മില്യണ്‍ ഡോളറും, ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍, 44 മില്യണ്‍ ഡോളറുമാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്.

അമേരിക്കയില്‍ 2.1 മില്യണ്‍ ഡോളറും, ബ്രിട്ടണില്‍ നിന്നും 1. 07 മില്യണ്‍ പൗണ്ടുമാണ് ലിയോ ആദ്യ ദിവസങ്ങളില്‍ നേടിയിരിക്കുന്നത്. ഈ കളക്ഷന്‍ ഇപ്പോഴും കുതിച്ചു കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 400 കോടിയിലധികം രൂപ നേടിയ ലിയോ , ഇപ്പോള്‍ 500 കോടിയോട് അടുത്തിരിക്കുകയാണ്. അധികം താമസിയാതെ തന്നെ , വിക്രം , ജയ്‌ലര്‍ സിനിമകളുടെ കളക്ഷനും ഒരു പഴങ്കഥയായി മാറും. കമലിന്റെ ‘വിക്രത്തിനും ‘ രജനിയുടെ ജയിലര്‍ക്കും, ദളപതിയുടെ ലിയോ നേരിട്ടതു പോലുള്ള, ഒരു നെഗറ്റീവ് തരംഗത്തെ, അതിജീവിക്കേണ്ടി വന്നിരുന്നില്ല. അഥവാ അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍, അത്ര വലിയവിജയം അവര്‍ക്ക് സാധ്യമാകുകയും ഇല്ലായിരുന്നു.

രജനിയുടെ ജയ്‌ലര്‍ വിജയിപ്പിക്കാന്‍, സംഘടിതമായാണ് വിജയ് എതിരാളികള്‍ രംഗത്തിറങ്ങിയിരുന്നത്. ആ ഘട്ടത്തില്‍, തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ ആരെന്ന മത്സരം കടുത്തതിനാല്‍, നടന്‍ അജിത്തിന്റെ ഫാന്‍സും, ജയ്‌ലര്‍ സിനിമയ്ക്കു വേണ്ടിയാണ്, പ്രചരണം കൊഴുപ്പിച്ചിരുന്നത്. ‘കാക്കയ്ക്ക് പരുന്തിന്റെ മുകളില്‍ പറക്കാന്‍ കഴിയില്ലന്ന ‘ തരത്തില്‍… ജയ്‌ലര്‍ സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങില്‍, രജനി നടത്തിയ പരാമര്‍ശവും , സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ചിരുന്നു. ഈ പരാമര്‍ശം , ദളപതിയെ ലക്ഷ്യമിട്ടാണെന്നാണ് , ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നത്. ഈ പ്രചരണത്തിനുള്ള മാസ് മറുപടിയും , ലിയോയിലെ പരുന്ത് വഴി വിജയ് നല്‍കിയിട്ടുണ്ട്. അതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആരൊക്കെ എന്തൊക്കെ ചെയ്താലും, തന്റെ സ്റ്റാര്‍ഡത്തെ തൊടാന്‍ കഴിയില്ലന്നാണ് വിജയ് തെളിയിച്ചിരിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ താരമായി മാത്രമല്ല , ഹോളിവുഡ് … അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന അത്ഭുത താരമായും , വിജയ് മാറിക്കഴിഞ്ഞു. കേരളത്തിലും , എതിരാളികളുടെ പ്രചരണങ്ങളെ പൊളിച്ചടുക്കിയാണ് ലിയോ മുന്നേറുന്നത്. വിജയ് സിനിമയ്ക്ക് കേരളത്തില്‍ ലഭിച്ച ഓപ്പണിങ് , ഇന്നുവരെ മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ല. മലയാളത്തിലും ഏറ്റവും അധികം ജനങ്ങള്‍ ഇഷ്ടപ്പെടുന്ന താരമായാണ്, ഇതോടെ, വിജയ് മാറിയിരിക്കുന്നത്. സിനിമക്കെതിരെ മോശമായി റിവ്യൂ നല്‍കിയവരുടെ പ്രചരണത്തെ തുടര്‍ന്ന് , രണ്ടാമത്തെ ദിവസം തിരിച്ചടി നേരിട്ടെങ്കിലും മൂന്നാമത്തെ ദിവസം മുതല്‍ , വീണ്ടും ലിയോ കുതിപ്പ് തുടരുകയാണ് ഉണ്ടായത്.

ഇതോടെ , പണം ലഭിക്കാന്‍ …ആടിനെ പട്ടിയാക്കാനും മടിക്കാത്ത, യൂട്യൂബര്‍മാരുടെ , ചെകിടത്താണ് അടിയേറ്റിരിക്കുന്നത്. ഇതാണ് അവസ്ഥയെങ്കില്‍ , മോശം റിവ്യൂ പറയുന്നവരെ , ഓടിച്ചിട്ട് പ്രേക്ഷകര്‍ തല്ലുന്ന കാലവും വിദൂരമല്ല.ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതുചരിത്രം രചിച്ച ലിയോ , ഈ കളക്ഷന്‍ വേട്ട തുടര്‍ന്നാല്‍, 1000 കോടിയോളം കളക്ട് ചെയ്യുമെന്നാണ് , പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. സാറ്റ്‌ലൈറ്റ് – ഓവര്‍സീസ് – ഡിജിറ്റല്‍ ഇനത്തില്‍ മാത്രം ഇതിനകം തന്നെ 300 കോടിയിലേറെ ലിയോ നേടിയിട്ടുണ്ട്. ഇതും കൂടി ചേര്‍ത്തുള്ള അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ , അത് , ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ, പുതിയ ചരിത്രമായി മാറും.

EXPRESS KERALA VIEW

Top