പുതിയ ഫോണിന്റെ വരവ് സൂചിപ്പിച്ച് ലെനോവോ ടീസര്‍ ; വീഡിയോ

പുതിയ സ്മാര്‍ട്ട് ഫോണിന്റെ വരവിന് സൂചന നല്‍കി ലെനോവോയുടെ വീഡിയോ ടീസര്‍.

കമ്പനിയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലാണ് പുതിയ ഫോണിന്റെ വരവിനെ കുറിച്ച് രഹസ്യ സൂചന നല്‍കുന്ന ടീസര്‍ ലെനോവോ പുറത്തുവിട്ടത്. ഏത് ഫോണിനെ കുറിച്ചാണ് ടീസര്‍ പറയുന്നതെന്ന് ലെനോവോ വ്യക്തമാക്കുന്നില്ല.

മൂന്ന് ഫോണുകളുടെ കാര്യക്ഷമത താരതമ്യം ചെയ്യുന്ന വിധത്തിലാണ് 18 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍. രണ്ട് ഫോണുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ടീസറിലൂടെ പറയുന്നത്. കില്ലര്‍ നോട്ട് എന്ന് ഹാഷ് ടാഗും ടീസറില്‍ നല്‍കിയിട്ടുണ്ട്.

ടീസറിലെ ഫോണ്‍ കെ7 നോട്ട് ആണെന്നാണ് കരുതുന്നത്. എന്നാല്‍, കെ7 നോട്ട് സ്മാര്‍ട്ട് ഫോണിനെ കുറിച്ച് ലെനോവോയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഫോണിന്റെ ഫീച്ചറുകളെ കുറിച്ചും വ്യക്തതയില്ല.

എങ്കിലും ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന 5.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയുള്ള ഫോണായിരിക്കും കെ7 നോട്ട് എന്ന് അഭ്യൂഹങ്ങളുണ്ട്. സ്‌നാപ് ഡ്രാഗണ്‍ 660 പ്രൊസസര്‍, 4 ജിബി റാം, 35 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ടാവുമെന്ന് കരുതപ്പെടുന്നു.

Top