ലെനോവ തിങ്ക്ബുക്ക് 14 റൈസണ്‍ എഡിഷന്‍ ലാപ്‌ടോപ്പ് അവതരിപ്പിച്ചു

ലെനോവോയുടെ ഏറ്റവും പുതിയ ലാപ്‌ടോപ്പായ തിങ്ക്ബുക്ക് 14 അവതരിപ്പിച്ചു. ഏറ്റവും പുതിയ എഎംഡി റൈസണ്‍ 5000-സീരീസ് സിപിയുവാണ് ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്. തിങ്ക്ബുക്ക് 14 റൈസണ്‍ എഡിഷന്‍ പേര് സൂചിപ്പിക്കുന്നത് പോലെ 14 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്.

എഎംഡി റൈസണ്‍ 5 + 16 ജിബി റാം + 512 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലെനോവോ തിങ്ക്ബുക്ക് 14 റൈസണ്‍ എഡിഷന്‍ ലാപ്‌ടോപ്പ് ലഭ്യമാകുന്നത്. ഇതിന് സിഎന്‍വൈ 4,699 (ഏകദേശം 53,500 രൂപ) ആണ് വില. സില്‍വര്‍ ഗ്രേ നിറത്തിലാണ് ഈ ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വിന്‍ഡോസ് 10 ഹോം ചൈനീസ് പതിപ്പിലാണ് ലെനോവോ തിങ്ക്ബുക്ക് 14 റൈസണ്‍ എഡിഷന്‍ പ്രവര്‍ത്തിക്കുന്നത്. 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1,920×1,080 പിക്സല്‍) എല്‍ഇഡി ഡിസ്പ്ലേയാണ് ഈ ലാപ്‌ടോപ്പില്‍ ഉള്ളത്. എസ്ആര്‍ജിബി കളര്‍ സ്‌പേസ് 100 ശതമാനം കവറേജ്, 300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്, ടിയുവി റൈന്‍ലാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഈ ഡിസ്‌പ്ലെയില്‍ ഉണ്ട്. സിക്‌സ് കോറും 16 ജിബി ഡിഡിആര്‍ 4 റാമും ഉള്ള എഎംഡി റൈസണ്‍ 5 5500 യു സിപിയുവാണ് ഈ ലാപ്‌ടോപ്പിന് കരുത്ത് നല്‍കുന്നത്. സ്റ്റോറേജിനായി 512 ജിബി എസ്എസ്ഡിയും ഇതില്‍ നല്‍കിയിട്ടുണ്ട്.

എച്ച്ഡിഎംഐ പോര്‍ട്ട്, ഹെഡ്ഫോണ്‍ കോംബോ ജാക്ക്, ഒരു കാര്‍ഡ് റീഡര്‍, ആര്‍ജെ 45 ഇഥര്‍നെറ്റ് പോര്‍ട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി ടൈപ്പ്-എ 3.2 ജെന്‍ 1 പോര്‍ട്ടുകള്‍ എന്നിവയാണ് ലാപ്‌ടോപ്പില്‍ നല്‍കിയിട്ടുള്ള കണക്ടിവിറ്റി ഓപ്ഷനുകള്‍. ഇതിനൊപ്പം വൈ-ഫൈ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും ഈ ലാപ്‌ടോപ്പില്‍ നല്‍കിയിട്ടുണ്ട്. എളുപ്പത്തിലുള്ള ഓതന്റിക്കേഷനായി ലെനോവോ തിങ്ക്ബുക്ക് 14 റൈസണ്‍ എഡിഷനില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും നല്‍കിയിട്ടുണ്ട്.

ലെനോവോ തിങ്ക്ബുക്ക് 14 റൈസണ്‍ എഡിഷന്‍ ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേയുടെ മുകളില്‍ 720p എച്ച്ഡി വെബ്ക്യാമറയാണ് നല്‍കിയിട്ടുള്ളത്. 60Whr ബാറ്ററിയാണ് ഈ ലാപ്‌ടോപ്പില്‍ ഉള്ളത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

 

Top