‘ചെറുനാരങ്ങ’ വില അത്ര ചെറുതല്ല; കിലോയ്ക്ക് 250 കടന്നു

കൊച്ചി: കേരളത്തില്‍ ചെറുനാരങ്ങയുടെ വില റെക്കോര്‍ഡിലേക്ക്. കിലോയ്ക്ക് 250 മുതല്‍ 270 രൂപ വരെയാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ്‌ ചെറുനാരങ്ങയ്ക്ക് വില ഇത്രയും വര്‍ദ്ധിച്ചിരിക്കുന്നത്. ഓണത്തിന് ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 60 മുതല്‍ 80 രൂപയായിരുന്നു വില.

തമിഴ്നാട്ടില്‍ നിന്ന് വരവ് കുറഞ്ഞതാണ് വില വര്‍ദ്ധിക്കാനുള്ള കാരണം. കാലാവസ്ഥാ വ്യതിയാനം കാരണം തെങ്കാശി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ചെറുനാരകം കൃഷിയില്‍ വിളവ് കുറഞ്ഞതും ഇതിന് കാരണമായിട്ടുണ്ട്.

ഓണവും ചിങ്ങമാസത്തിലെ തിരക്കേറിയ വിവാഹമുഹൂര്‍ത്തങ്ങളും കാരണം കഴിഞ്ഞ രണ്ടാഴ്ചയായി ചെറുനാരങ്ങയ്ക്ക് വലിയ ഡിമാന്‍ഡാണ് വിപണിയില്‍ അനുഭവപ്പെട്ടിരുന്നത്. ഡിമാന്‍ഡ് മുന്നില്‍ കണ്ട് മൂക്കാത്ത നാരങ്ങകളടക്കം വിളവെടുത്തതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.

തിരുവനന്തപുരത്ത് ഹോര്‍ട്ടികോര്‍പിന്റെ വില്‍പന ശാലകളില്‍ 230 രൂപയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില. ആലപ്പുഴ, കോട്ടയം,എറണാകുളം,കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പ് സ്റ്റാളുകളില്‍ ചെറുനാരങ്ങ വില ഇരുനൂറില്‍ താഴെ നില്‍ക്കുന്നത്. കന്നി മാസത്തില്‍ വിവാഹങ്ങള്‍ കുറയുമെന്നതിനാല്‍ ചെറുനാരങ്ങയുടെ വില ഉടന്‍ തന്നെ കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

Top